കേരള നോളജ് ഇക്കോണമി മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് നാഗലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിജ്ഞാന തൊഴിലുകളെ കുറിച്ചുള്ള ഓറിയന്റേഷന്‍, പാനല്‍ ഡിസ്‌കഷന്‍ എന്നിവയും സംഘടിപ്പിക്കും.
പരിപാടിയുടെ നടത്തിപ്പിനായി 201 അംഗ സംഘാടകസമിതി സംഘാടക സമിതി രൂപീകരിച്ചു. നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍പേഴ്‌സണായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റെജീനയെയും ജനറല്‍ കണ്‍വീനറായി കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകലയെയും തെരഞ്ഞെടുത്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രനന്‍, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന്‍, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീന്‍, ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി സന്ധ്യ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് എന്നിവരെ വൈസ് ചെയര്‍പേഴ്‌സണ്‍മാരായും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ കെ.കെ ചന്ദ്രദാസ് (പാലക്കാട്), കെ. ജാഫര്‍ (മലപ്പുറം), ഡോ. എ. കവിത (തൃശൂര്‍) എന്നിവരെ കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു.
തൃത്താല ബ്ലോക്ക് പരിധിയിലെ, ജനപ്രതിനിധികള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍, പ്രദേശത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും സംഘാടക സമിതിയില്‍ ഉള്‍പ്പെടുന്നു.
പദ്ധതി നടപ്പാക്കുന്നത് 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍
അഭ്യസ്തവിദ്യര്‍ക്ക് വിജ്ഞാന തൊഴില്‍ മേഖലയില്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളെജ് ഇക്കോണമി മിഷന്‍ ആരംഭിച്ച പദ്ധതിയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം 2.0. 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നോളെജ് മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡി.ഡബ്ല്യു.എം.എസി (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം)ല്‍ പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും തൊഴില്‍ തയ്യാറെടുപ്പിനുള്ള പിന്തുണ മിഷന്റെ സംവിധാനത്തിലൂടെ നല്‍കും.
പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 59 നും മധ്യേ പ്രായമുള്ള തൊഴിലന്വേഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. നൈപുണീ പരിശീലനം, കരിയര്‍ കൗണ്‍സിലിങ്, വ്യക്തിത്വ വികസന പരിശീലനം, ഇംഗ്ലീഷ് സ്‌കോര്‍ ടെസ്റ്റ്, റോബോട്ടിക് ഇന്റര്‍വ്യൂ എന്നിവയാണ് മിഷന്‍ ലഭ്യമാക്കുന്ന സേവനങ്ങള്‍. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് തൊഴിലന്വേഷകരെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് നോളജ് ജോബ് യൂണിറ്റുകള്‍ രൂപീകരിച്ചാണ് പദ്ധതിയുടെ നടത്തിപ്പ്. 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പരിശീലനവും തൊഴില്‍മേളകളും നടത്തും.