മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം എന്നിവ സാധ്യമാക്കുന്നതിനായിട്ടാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളുള്‍പ്പെടുന്ന എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ‘സാന്ത്വനം’ ബഡ്സ് സ്‌കൂള്‍ 2011 മാര്‍ച്ച് പതിനൊന്നിനാണ് നിലവില്‍ വരുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരു കെട്ടിടത്തില്‍ 27 കുട്ടികളുടെ സാന്നിധ്യത്തോടെയായിരുന്നു ബഡ്സ് സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.

സ്വാന്തനം ബഡ്സ് സ്‌കൂള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അമ്പത് കുട്ടികളുമായി പുതിയ കെട്ടിടത്തിലേക്ക് മാറിയിരിക്കുകയാണ്. രണ്ട് ടീച്ചര്‍മാര്‍, രണ്ട് ആയ ഉള്‍പ്പടെ ഏഴു പേരാണ് സ്വാന്തനം ബഡ്സ് സ്‌കൂളിലെ ജീവനക്കാര്‍. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ആണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 18 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് പേപ്പര്‍ ബാഗ്, പേപ്പര്‍ പേന എന്നിവയുടെ നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നുണ്ട്. ആകെ അഞ്ചു ഡിവിഷനുകളായിട്ടാണ് ക്ലാസുകള്‍ നല്‍കുന്നത്. മൂന്ന് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ പ്രീ പ്രൈമറി ക്ലാസ്സിലും, ആറു മുതല്‍ 11 വയസ്സ് വരെയുള്ള കുട്ടികള്‍ പ്രൈമറിയിലും, 11 മുതല്‍ 14 വയസ്സ് വരെ സെക്കണ്ടറിയിലും, 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ പ്രീ വൊക്കേഷണലിലും, 18ന് മുകളിലുള്ള കുട്ടികള്‍ വൊക്കേഷണല്‍ ക്ലാസ്സിലുമാണ് പഠിക്കുക. പതിനെട്ട് വയസ്സ് മുകളിലുള്ള കുട്ടികള്‍ക്കാണ് തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കുന്നത്.

കാസര്‍കോട് വികസന പാക്കേജില്‍ നിന്നും രണ്ട് കോടി രൂപ ചെലവിട്ട് എന്‍മകജെ പഞ്ചായത്തിലെ കാനയില്‍ 50 സെന്റ് സ്ഥലത്ത് പുതിയ കെട്ടിടത്തില്‍ വിശാലമായ സൗകര്യത്തോടെ കൂടിയാണ് ബഡ്സ് സ്‌കൂള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. 1.5 ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിന് അഞ്ച് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ഓഫീസ് റൂം, അടുക്കള, ഭക്ഷണ ശാല, തൊഴില്‍ പരിശീലനത്തിനുള്ള പ്രത്യേകം മുറികള്‍, ചുറ്റു മതില്‍ എന്നീ സൗകര്യങ്ങളുണ്ട്.

വൈകല്യ സൗഹൃദവും ശിശു സൗഹൃദവുമായ സൗകര്യങ്ങളിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ്, പ്രീപ്രൈമറി, കെയര്‍ ഗ്രൂപ്പ്, പ്രീവൊക്കേഷനല്‍, ഡേകെയര്‍, ഫിസിയോ തെറാപ്പി, ഡൈനിങ്, വര്‍ക്ക് ഏരിയ, ശുചിമുറി എന്നിവയുള്ളതാണു കെട്ടിടം. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍( ഐ. ഇ.പി, ഗ്രൂപ്പ് ടീച്ചിങ്) ഫിസിയോതെറാപ്പി, പ്രായോഗിക തൊഴില്‍ പരിശീലനം, തുല്യത പരിശീലനം തുടങ്ങിയ സേവനങ്ങള്‍ ചെയ്തുവരുന്നു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച കരിക്കുലം പ്രകാരമാണ് സ്‌കൂളിലെ വിദ്യാഭ്യാസം. ഓരോ കുട്ടിക്കും ആവശ്യമായ തരത്തിലുള്ള ക്ലാസ്സുകളാണ് നല്‍കുന്നത്.

ഗ്ലാസ്പെയിന്റിംഗ്, ലോഷന്‍ മേക്കിങ്, പേപ്പര്‍ പെന്‍ മേക്കിങ്, കുട നിര്‍മ്മാണം, തുണി സഞ്ചി നിര്‍മ്മാണം, ഫ്‌ളവര്‍ മേക്കിങ്, ആഭരണ നിര്‍മ്മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കി വരുന്നു. എല്ലാവിധ കലാ കായിക പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ സംഘടിപ്പിക്കുന്നു. കുട്ടികള്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിന് വെക്കാറുണ്ട്. സ്‌കൂളില്‍ പോഷകാഹാരവും ഉച്ചഭക്ഷണവും സൗജന്യമായി നല്‍കുന്നു. കഴിഞ്ഞ വര്‍ഷം പെരിയ എസ്.എന്‍ കോളേജില്‍ കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പരിപാടിയിലും കഴിഞ്ഞ ഫെബ്രുവരിയില്‍ പഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തിലും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച് സ്വാന്തനം ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ജൂലൈ 31 നാണ് സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗം, പിന്നോക്കക്ഷേമം, ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ സാന്ത്വനം ബഡ്സ് സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുവേണ്ടി സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും വലിയ മാറ്റങ്ങളാണ് ബഡ്‌സ് സ്‌കൂളുകള്‍ വന്നതില്‍ പിന്നെ മാനസിക ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളില്‍ കാണുവാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.