സർക്കാരിനൊപ്പം പൊതുസമൂഹവും വികസനത്തിന്റെ ഭാഗമാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നോർത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ് സ്കൂളിൽ നടന്ന ഗുഡ് മോണിംഗ് എറണാകുളം പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

38 സ്കൂളുകളിലായി 8808 കുട്ടികൾക്കാണ് ഗുഡ് മോണിംഗ് എറണാകുളം പദ്ധതി പ്രകാരം പ്രഭാത ഭക്ഷണം ലഭിക്കുന്നത്. ചില സംഘടനകളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഇത്തരം പദ്ധതികൾ അഭിനന്ദാർഹമാണെന്നും എറണാകുളം അസംബ്ലി മണ്ഡലത്തിൽ പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കുന്നത്തിനായി ഫണ്ട്‌ അനുവദിച്ച ബി.പി.സി.എല്ലിനും ജിയോജിത്തിനും സ്പീക്കർ നന്ദി അറിയിച്ചു.

വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തണം. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സ്കൂളുകളുടെ നവീകരണത്തിനായി സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഫണ്ട്‌ അനുവദിക്കുന്നുണ്ട്. സർക്കാർ സ്കൂളുകൾ മാത്രമല്ല എയ്ഡഡ് സ്ഥാപനങ്ങളും കൂടി ഉൾപ്പെടുന്നതാണ് പൊതു വിദ്യാഭ്യാസ മേഖല. എയ്ഡഡ് സ്ഥാപനങ്ങളെ സഹായിക്കുന്നതിനാണ് ചലഞ്ച് ഫണ്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ ഓരോ എംഎൽഎമാരും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എറണാകുളത്തെ ടി.ജെ വിനോദ് എംഎൽഎയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. വിശന്നു വലഞ്ഞിരിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് ശരിയായ രീതിയല്ല. ഭക്ഷണം കഴിച്ചാൽ മാത്രമേ പഠനം അർത്ഥവത്താകുകയുള്ളൂ. നമുക്ക് നിലനിൽക്കാൻ ഭക്ഷണം ആവശ്യമാണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. അധ്യാപകർ ഇനി എത്രകാലം കൂടി ഉണ്ടാകുമെന്ന് പറയാനാകില്ല. പക്ഷേ ചാറ്റ് ജിടിപിയെ പൂർണമായും വിശ്വസിക്കരുത്. അതിനും തെറ്റ് സംഭവിക്കാമെന്നും അ‌ദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ നല്ല ഇടപെടലുകൾ നടത്തണം. കുട്ടികളുടെ പഠനരീതി മാതാപിതാക്കൾ നിരന്തരം നിരീക്ഷിക്കണം. അധ്യാപകർ വിദ്യാർത്ഥികളെ നന്നായി ശ്രദ്ധിച്ചു ബഹുമുഖ പ്രതിഭകളാക്കി വളർത്തണം. ഏതെങ്കിലും വിഷയത്തിൽ ന്യൂനതകൾ ഉണ്ടെങ്കിൽ മാതാപിതാക്കളെ അറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.

എറണാകുളം നിയോജകമണ്ഡലത്തിൽ ഒരു വിദ്യാർത്ഥി പോലും വിശന്ന് സ്കൂളിൽ ഇരിക്കരുത്. ‘കരുതലായി എറണാകുളം’ പദ്ധതിയുടെ ഭാഗമായാണ് പ്രഭാതഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതെന്ന് ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു. നിയമസഭ സ്പീക്കർ പദ്ധതി ഉദ്ഘാടനം ചെയ്തതിൽ ഏറെ സന്തോഷം ഉണ്ടെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ചു എംഎൽഎ പറഞ്ഞു.

നല്ല ഭരണാധികാരികൾ ഉണ്ടെങ്കിലേ നാട് നന്നാവുകയുള്ളൂ​വെന്നും പള്ളികളേക്കാൾ കൂടുതൽ പള്ളിക്കൂടങ്ങളാണ് നമുക്ക് ഇന്ന് ആവശ്യമെന്നും നടൻ ടിനി ടോം പറഞ്ഞു. ദൈവങ്ങൾക്ക് നമ്മൾ വീടുവച്ചു കൊടുക്കേണ്ട ആവശ്യമില്ല. കുട്ടികൾ വളർന്നുവരുന്ന പ്രായത്തിൽ നല്ലത് പറഞ്ഞു കൊടുക്കണം. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയമില്ലാതെ എല്ലാവരും മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കണമെന്നും ടിനി ടോം പറഞ്ഞു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം. ഗുഡ് മോർണിംഗ് എറണാകുളം പദ്ധതി നേതൃത്വം നൽകുന്ന ടി.ജെ വിനോദ് എംഎൽഎക്ക് മേയർ എം അനിൽകുമാർ ആശംസകൾ അറിയിച്ചു.

ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, കൗൺസിലർ അംബിക സുദർശൻ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ അഭയ് രാജ് സിംഗ് ഭണ്ഡാരി, വി.എച്ച്.എസ്.സി വിഭാഗം പ്രിൻസിപ്പൽ എ.ആർ റോഷനി, എച്ച്.എസ്.എസ് വിഭാഗം പ്രിൻസിപ്പൽ സി.എൽ ലാലി, പിടിഎ പ്രസിഡന്റ് പി.എ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.