നായ്ക്കളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കാന്‍ പങ്കാളികളാകാം

നായ്ക്കളുടെ എണ്ണപ്പെരുപ്പഭീഷണി നേരിടാന്‍ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. നായ്ക്കളെ ദത്തെടുക്കാന്‍ അവസരമൊരുക്കിയാണ് മൃഗസ്‌നേഹികള്‍ക്കും സ്വീകാര്യമാകുന്ന രീതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും കൊട്ടിയം ആസ്ഥാനമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സന്നദ്ധ സംഘടനയുമാണ് പുതുപരീക്ഷണത്തിന് പിന്നില്‍.

ലോക പേവിഷവിമുക്ത ദിനമായ സെപ്തംബര്‍ 28 ന് ആരംഭിക്കുന്ന ദത്തെടുക്കല്‍ പദ്ധതിയോടൊപ്പം തെരുവ്‌നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പു നല്‍കുന്ന പദ്ധതിയും ആരംഭിക്കും. നൂറു ദിവസം കൊണ്ട് 25,000 തെരുവ്‌നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന രക്ഷ പദ്ധതിയുടേയും ഉദ്ഘാടനം രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് പി കെ ഗോപന്‍ നിര്‍വഹിക്കും.

ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി രജിസ്റ്റര്‍ ചെയ്ത് നായ്ക്കുട്ടികളെ വഴിയിലുപേക്ഷിക്കില്ലെന്നും നന്നായി പരിപാലിക്കുമെന്നും കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമെന്നുമുള്ള സത്യവാങ്മൂലവും നല്‍കി നായ്ക്കുട്ടികളെ ദത്തെടുക്കാം. എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും നല്‍കിയ മൂന്ന് മാസം പ്രായമുള്ള 33 എണ്ണമാണ് നിലവിലുള്ളത്. ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.

ദത്തെടുക്കുന്നവയെ കൊണ്ടുപോകാനുള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളോ കേജുകളോ കൊണ്ടുവരണം. ചെറിയ പെറ്റ്ഫുഡ് പായ്ക്കളും ടോണിക്കുകളടങ്ങിയ അവശ്യമരുന്നു പായ്ക്കുകളും നായ്ക്കുട്ടികളോടൊപ്പം സൗജന്യമായി നല്‍കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍ അറിയിച്ചു.