മഞ്ഞയിൽ നീലനിറത്തിലുള്ള കേരളത്തിന്റെ ചെറുരൂപങ്ങളുമായി  സൂര്യ തേജസോടെയുള്ള കേരളീയം 2023ന്റെ ലോഗോ രൂപകൽപന ചെയ്തത്   കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധ്യക്ഷൻ ബോസ് കൃഷ്ണമാചാരി. വൃത്താകൃതിയിൽ കേരളത്തിന്റെ ഭൂപടം ചേർത്തുവച്ചിട്ടുള്ള കേരളീയം ലോഗോ നിരവധി അർത്ഥതലങ്ങൾ ഉൾക്കൊള്ളിച്ചതാണ്.  360 ഡിഗ്രി കാഴ്ചയിൽ സൂര്യനെപ്പോലെ തോന്നുന്ന കേരളത്തിന്റെ 24 മാപ്പുകൾ ചേർത്തു വച്ചാണ് ലോഗോ സൃഷ്ടിച്ചിരിക്കുന്നത്.

24 തെങ്ങിൻ പട്ടകൾ ചേർത്തു വച്ച കേരവൃക്ഷത്തെ താഴെ നിന്ന് നോക്കി കാണുന്ന തരത്തിലാണ്  ലോഗോയുടെ പുറം കാഴ്ച . അതേ സമയം തന്നെ സൂര്യനെയും അതിന്റെ രശ്മികളെയും  ചക്രത്തെയും ലോഗോ പ്രതിനിധീകരിക്കുന്നു. സൂര്യനും അതിന്റെ രശ്മികളും പ്രതീക്ഷയും ജ്ഞാനോദയവും ശുഭാപ്തി വിശ്വാസവും സൂചിപ്പിക്കുന്നു.   ചക്രം മനുഷ്യ പുരോഗതിയിൽ നിർണായകമായ ആദ്യ കണ്ടുപിടിത്തത്തെയും ശാസ്ത്രമണ്ഡലത്തെയും വേഗതയെയുമാണ് പ്രതിനിധീകരിക്കുന്നത്. കേരളത്തിന്റെ 24 മാപ്പുകൾ കൊണ്ട് സൃഷ്ടിച്ച ചക്രത്തിന്റെ കാലുകൾ/ 24 മണിക്കൂർ സൂചികൾ പുരോഗതിയെയും ചടുലതയെയും ഐക്യത്തെയും സ്ഥിരോത്സാഹത്തെയുമാണ് സൂചിപ്പിക്കുന്നത്.

കേരളീയം 2023 ന്റെ വിശേഷങ്ങളുമായി  വെബ്സൈറ്റ്

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരിയിൽ  സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന  ‘കേരളീയം 2023’ പരിപാടിയുടെ വെബ് സൈറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.https://keraleeyam.kerala.gov.in/എന്ന വെബ് സൈറ്റിൽ കേരളീയം 2023 ന്റെ പൂർണ വിവരങ്ങൾ അറിയാം.
സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, ചലച്ചിത്ര , പുസ്തക , പുഷ്പ, ഭക്ഷ്യ മേളകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം വെബ് സൈറ്റിൽ അറിയാം. മേളയോടനുബന്ധിച്ചു  പൊതു ജനങ്ങൾക്കായുള്ള വിവിധ മത്സരങ്ങളും കേരളീയം 2023 വെബ് സൈറ്റ് വഴി സംഘടിപ്പിക്കുന്നുണ്ട്.