ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. രാസലഹരി വിപണനം സമൂഹത്തെയും തലമുറകളെയും നശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കണം.

എക്സൈസ് നിരീക്ഷണത്തിനൊപ്പം സമൂഹത്തിലെ യുവതി യുവാക്കളുടെയും ഗ്രന്ഥശാലകളുടെയും ക്ലബുകളുടെയുമടക്കം സജീവ ഇടപെടല്‍ വേണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും ആളുകളെ അതിന് സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പോലീസ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അധ്യക്ഷത വഹിച്ചു.

വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബിജോ ദാസ് വിഷയാവതരണം നടത്തി. ഏകദിന ക്യാമ്പിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ മദ്യം, മയക്കുമരുന്ന് മുതലായ ലഹരി വസ്തുക്കളുടെ ദുരുപയോഗം കൂടുതലായുള്ള സ്ഥലങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍, ലഹരി മോചന ചികിത്സ, പുന:രധിവാസം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്തു.

യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ്, ഇടുക്കി എക്സൈസ് ഇന്‍സ്പെക്ടര്‍ സുരേഷ് പി.കെ രാഷ്ട്രിയ കക്ഷി പ്രതിനിധി പി.കെ ജയന്‍ എന്നിവര്‍ സംസാരിച്ചു.