ഹരിത കർമ്മ സേന പ്രവർത്തനങ്ങളിൽ നിന്ന് 32,000 രൂപ വരെ പ്രതിമാസ വേതനം
ജില്ലയിൽ ഏറ്റവും അധികം വേതനം കൈപ്പറ്റുന്ന ഹരിത കർമ്മ സേനാംഗമായി നെന്മണിക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് കാളിയേങ്ങര വീട്ടിൽ ഷൈജി ജോണി. രണ്ടു വർഷമായി ഷൈജി ഹരിത കേരളം മിഷൻ്റെ ഭാഗമാണ്. 32,000 രൂപ വരെ പ്രതിമാസം ഷൈജി സമ്പാദിച്ചിട്ടുണ്ട്. വീട്ടമ്മയായ ഷൈജിക്ക് ഇന്ന് മികച്ച വരുമാനവും മികച്ച തൊഴിലിടവുമാണ് ലഭിക്കുന്നത്.
പ്രതിമാസം ശരാശരി 20,000 രൂപ വരെ ലഭിക്കാറുള്ള ഷൈജിക്ക് ഇന്ന് ഏതൊരു തൊഴിലിനേക്കാളും വിശ്വാസവും ആശ്രയവുമാണ് ഹരിത കർമ്മ സേനാംഗമെന്ന പദവി. വിറക് കച്ചവടം നടത്തുന്ന ഭർത്താവ് ജോണിക്കും പ്ലസ്ടുവിനും പത്തിലും പഠിക്കുന്ന മക്കൾക്കും ഇന്ന് അഭിമാനമാണ് ഷൈജി ജോണിയെന്ന 39 കാരി. നെന്മണിക്കര പഞ്ചായത്തിലെ 1, 15 വാർഡുകളിലെ ഹരിത കർമ്മ സേനാംഗമാണ് ഷൈജി.