കൊച്ചിയിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനുമായി കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ‘വെള്ളപ്പൊക്ക നിവാരണം വിലയിരുത്തലും സാധ്യത പഠനവും’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ശില്പശാലയിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.

അപകട സാധ്യത മുന്നറിയിപ്പ് സംവിധാനം, വെള്ളപ്പൊക്കത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട ഒരുക്കങ്ങൾ, നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തൽ, വെള്ളപ്പൊക്കത്തിന്റെ ഉറവിടം, പ്രതിരോധ പ്രവർത്തനങ്ങളുടെ ചെലവ് തുടങ്ങിയ വിഷയങ്ങളിൽ കൊച്ചി കോർപ്പറേഷനും ജില്ലാ ദുരന്ത നിവാരണ അ‌തോറിട്ടിയും (ഡി.ഡി.എം.എ) വിശദമായ അവതരണം നടത്തി. തുടർന്ന് കൊച്ചിയിലെ വെള്ളപ്പൊക്കം പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നടപ്പിലാക്കേണ്ട ദീർഘ, ഹ്രസ്വകാല പദ്ധതികളെകുറിച്ചും ചർച്ച നടന്നു.

യൂറോപ്യൻ യൂണിയന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ഏഷ്യൻ പാർട്ണർഷിപ്പ് ഫെസിലിറ്റിയുടെയും ഇന്റർനാഷണൽ അർബൻ ആൻഡ് റീജണൽ കോർപ്പറേഷന്റേയും (ഐ.യു.ആർ.സി ) സഹകരണത്തോടെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടന്ന ശില്പശാലയിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഉഷാ ബിന്ദു മോൾ, ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർ, കൊച്ചി, കണയന്നൂർ താലൂക്ക് ഉദ്യോഗസ്ഥർ, ഏഷ്യൻ പാർട്ണർഷിപ്പ് ഫെസിലിറ്റി, ഐ.യു.ആർ.സി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.