വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകള്‍ക്കുള്ള 2023 ലെ വയോസേവന പുരസ്‌കാരങ്ങളില്‍ മികച്ച ബ്ലോക്ക് പഞ്ചായത്തായി ഒല്ലൂക്കര. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് വയോസേവന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.

2021 മുതല്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിവരുന്ന ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പുകളാണ് സംസ്ഥാനതലത്തില്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ നാല് പഞ്ചായത്തുകളിലായി പ്രതിമാസം 22 ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

ഒരു ഡോക്ടര്‍, നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പിന് ചുക്കാന്‍ പിടിക്കുന്നത്. ബ്ലോക്ക് – ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത വിഹിതമായ 40 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പ്രതിമാസം രണ്ടായിരത്തില്‍പ്പരം വയോജനങ്ങള്‍ പദ്ധതിയുടെ ഭാഗമാകുന്നുണ്ട്. ഇതില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തം ഒരേപോലെ ഉറപ്പുവരുത്താനും ബ്ലോക്ക് പഞ്ചായത്തിന് സാധിക്കുന്നുണ്ട്.

വയോജനങ്ങള്‍ക്കു മാത്രമായി ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഒരു ഡേ കെയര്‍, മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ആവശ്യമായ കൗണ്‍സിലിങ്ങുകള്‍, 50 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്കായി സ്മൃതി പദ്ധതി തുടങ്ങിയവയെല്ലാം വയോജനങ്ങള്‍ക്കായുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ജീവിതശൈലീ രോഗനിര്‍ണയത്തിനായി ഈ വര്‍ഷം മൊബൈല്‍ ലാബ് കൂടി പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഒക്ടോബര്‍ ഒന്നിന് വയോജന ദിനത്തില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.