അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അങ്കമാലി -കൊച്ചി എയർപോർട്ട് ബൈപ്പാസ് നിർമ്മാണ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിനു റോജി എം. ജോൺ എം എൽ എ യുടെയും കളക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു.

ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായ സർവ്വേ നടപടികൾ സെപ്റ്റംബർ 30 നകം പൂർത്തിയാക്കി അംഗീകാരത്തിനായി സമർപ്പിക്കണം. എല്ലാ മാസവും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിന് യോഗം ചേരുന്നതിനും തീരുമാനമായി.

കാലടി സാമാന്തര പാലത്തിന്റെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി. പദ്ധതിയുമായി ബന്ധപ്പെട്ട അടിസ്ഥാനവില നിർണയ റിപ്പോർട്ട് വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു. പുനരധിവാസ പാക്കേജിന് ലാൻഡ് റവന്യൂ കമ്മീഷണറിൽ നിന്ന് അംഗീകാരം ലഭിച്ചു.

കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) പി. സിന്ധു, അങ്കമാലി നഗരസഭ ചെയർമാൻ മാത്യു തോമസ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.