ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കാൻ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവനന്തപുരം തൈക്കാടുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസി (കിറ്റ്സ്) ലെ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ‘ടേക്ക് ഓഫ് ’23’ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായായിരുന്നു മന്ത്രി.
ആഗോളതലത്തിൽ എവിടെയും ജോലി ലഭ്യമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന പരിശീലന സംവിധാനം വികസിപ്പിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. ഭാവിയിൽ ഒരു ടൂറിസം യൂണിവേഴ്സിറ്റിയായി അതിനെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സാധ്യതകൾ പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ വ്യവസായമായി ടൂറിസം മാറിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖല അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്ത് ഭാവിയിൽ ഈ മേഖല അത്യപൂർവ്വമായ വളർച്ചയാണ് കൈവരിക്കാൻ പോകുന്നത്. വ്യോമയാന മേഖലയിൽ എയർ ഇന്ത്യയും ഇൻഡിഗോയും 450 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ടുകഴിഞ്ഞു. ഭാവിയിൽ വ്യോമയാന മേഖലയിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടാകാൻ പോകുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും. അതോടൊപ്പം ടൂറിസത്തിലെ മറ്റ് മേഖലകൾ വളരുകയും തൊഴിൽ അവസരങ്ങൾ ദ്രുതഗതിയിൽ വർധിക്കുകയും ചെയ്യും. വർധിച്ചുവരുന്ന തൊഴിലവസരങ്ങൾക്ക് ആനുസൃതമായി തൊഴിലിനു യോഗ്യരായവർ സൃഷ്ടിക്കപ്പെടണം. കേരളം ടൂറിസത്തിന് എന്നും ഒരു മാതൃകയായി നിലകൊള്ളുന്ന സംസ്ഥാനമാണെന്നത് ഏറെ ആവേശം നൽകുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസത്തിനു വേണ്ടിയുള്ള മാനവശേഷി വികസനത്തിലും സംസ്ഥാനം മുൻപന്തിയിലാണ്. കിറ്റ്സ് പോലൊരു സ്ഥാപനം രാജ്യത്ത് ആദ്യം ആരംഭിക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജോലി ഉറപ്പാക്കുന്നത് ഇത്തരം സ്ഥാപനങ്ങളുടെ മികവിന്റെ ഉദാഹരണമാണ്. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് കിറ്റ്സിലെ വിദ്യാർത്ഥികൾക്കായി ടൂറിസം റീൽസ് മത്സരം സംഘടിപ്പിക്കുന്ന വിവരവും മന്ത്രി അറിയിച്ചു. 2022-23 വർഷത്തിൽ യൂണിവേഴ്സിറ്റി കലോത്സവത്തിലും മറ്റ് മേഖലകളിലും മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. കോളജ് യൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ കിറ്റ്സ് ഡയറക്ടർ ദിലീപ് എം ആർ, പ്രിൻസിപ്പാൾ ഡോ. ബി രാജേന്ദ്രൻ, തൈക്കാട് വാർഡ് കൗൺസിലർ മാധവ് ദാസ് തുടങ്ങിയവർ സംബന്ധിച്ചു.