മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 നും സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 നും ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഗാ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേത്യത്വത്തിലാണ് ക്യാമ്പയിന്‍ നടക്കുക. മെഗാ ശുചീകരണത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ളവരെ അണിനിരത്തി ശുചീകരണം നടത്തുകയും മാലിന്യം തരം തിരിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറുകയും ചെയ്യും.

ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കുകയും മാലിന്യം വലിച്ചെറിയുന്നതിനെതിരെയുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എം സി എഫ്, മിനി എം സി എഫ് എന്നിവ വൃത്തിയാക്കും. സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 ന് രാവിലെ 10 മുതല്‍ 11 വരെ ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ക്ലീനിംഗ് ഡ്രൈവ് നടത്തും. നഗരസഭകളില്‍ കുറഞ്ഞത് ഓരോ വാര്‍ഡിലെയും രണ്ടു സ്ഥലത്തും ഗ്രാമപഞ്ചായത്തുകളിലെ കുറഞ്ഞത് ഒരോ വാര്‍ഡിലുമാണ് ക്ലീനിംഗ് ഡ്രൈവ് നടക്കുക. ഇതിനായി സെപ്റ്റംബര്‍ 27 ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ www.swachhatahiseva.com എന്ന പോര്‍ട്ടലില്‍ ഇവന്റ് ആയി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്ത ഇവന്റുകള്‍ മാപ്പില്‍ ഉള്‍കൊള്ളിക്കണം .അതുവഴി പൊതുജനങ്ങള്‍ക്ക് താല്‍പര്യമുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കും.

ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛതാ പക്വാഡ -സ്വച്ഛതാ ഹി സേവ 2023 ന്റെ ഭാഗമായി രാജ്യത്തുടനീളം ജനങ്ങളുടെ നേത്യത്വത്തില്‍ വലിയ ശുചീകരണ ഡ്രൈവാണ് നടക്കുക. ഗ്രാമീണ നഗര മേഖലയിലെ ശുചിത്വത്തിനായുളള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധത സംഘടനകളുടെ പിന്തുണയില്‍ ശുചിയാക്കും. ജൈവ അജൈവ മാലിന്യങ്ങള്‍ തരം തിരിച്ചു നിക്ഷേപിക്കുന്നതിനുളള ബിന്നുകള്‍ സ്ഥാപിക്കും. ഇരുനൂറിലധികം സ്‌കൂളില്‍ എണ്ണൂറോളം സ്വച്ഛതാ ക്വിസ്, പ്ലാന്റേഷന്‍ ഡ്രൈവ്, സ്വച്ഛതാ പ്രതിജ്ഞ, സ്വച്ഛതാ ക്ലാസ്സുകള്‍, സ്വച്ഛതാ റണ്‍ എന്നിവ സംഘടിപ്പിച്ചു കഴിഞ്ഞു. ഉറവിടത്തില്‍ മാലിന്യം തരം തിരിക്കലിന്റെ പ്രധാന്യം, പ്ലാസ്റ്റിക് ബദല്‍ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണവും നടത്തുന്നുണ്ട്.