സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങൾക്കു കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായ പദ്ധതി നിർവ്വഹണവും പ്രശ്ന പരിഹാരവും ഉറപ്പാക്കാനുമാണു സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ചു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തിൽ മേഖലാതല അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിരിക്കുന്നതെന്നും ഈ മേഖലാ യോഗങ്ങൾ തുടർ പ്രക്രിയയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കായി 26നു ചേർന്ന തിരുവനന്തപുരം മേഖലാതല അവലോകന യോഗം വിജയകരമായിരുന്നെന്നും തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മേഖലാതല അവലോകന യോഗം ചേരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിസഭ ആകെ നേരിട്ട് പങ്കെടുത്താണു മേഖലാതല അവലോകനം നടക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. അതിദാരിദ്ര്യ നിർമാർജനം, ലൈഫ്, ആർദ്രം, വിദ്യാകിരണം, ഹരിത കേരള മിഷൻ എന്നീ മിഷനുകൾ, ദേശീയ പാത, മലയോര ഹൈവേ, തീരദേശ പാത എന്നിവയടക്കം പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രധാന പദ്ധതികൾ, കോവളം-ബേക്കൽ ഉൾനാടൻ ജലഗതാഗതം, മാലിന്യമുക്തകേരളം എന്നിവയാണ് യോഗങ്ങളിൽ പൊതുവായി അവലോകനം ചെയ്തു തീരുമാനങ്ങളിലെത്തുന്നത്. ജില്ലയുമായി ബന്ധപ്പെട്ടു ജില്ലാ കളക്ടർമാർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങളും പരിഗണനാ വിഷയമാണ്.
വികസനവുമായി ബന്ധപ്പെട്ടു ജില്ലകളിൽ തടസപ്പെട്ട് കിടക്കുന്നവയോ പുരോഗതിയില്ലാത്തതോ ആയ വിവിധ പദ്ധതികളും ചർച്ചചെയ്യുന്നുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. സംസ്ഥാന തലത്തിൽ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ തടസപ്പെട്ടുകിടക്കുന്ന പദ്ധതികളുണ്ടാകും. ഇവയൊക്കെ പരിഹരിക്കാനുള്ള ഇടപെടലുകൾ മേഖലാ അവലോകന യോഗത്തിന്റെ ഭാഗമായി ഗാരവമായി ചർച്ച ചെയ്യുന്നുണ്ട്. സമയബന്ധിതമായി തീർപ്പാക്കാനുള്ള ഇടപെടലാണ് നടക്കുന്നത്.
ഭരണാനുമതി കിട്ടാനുള്ള പദ്ധതികൾ ഉണ്ടെങ്കിൽ ഭരണാനുമതി ലഭ്യമാക്കാൻ നടപടിയെടുക്കുന്നുണ്ട്. മേഖലാ അവലോകന യോഗങ്ങളിലേക്കായി 14 ജില്ലകളിൽ കണ്ടെത്തിയ, 265 വിഷയങ്ങളിൽ 241 എണ്ണം ജില്ലാതലത്തിൽ തന്നെ പരിഹാരം കണ്ടു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടതായി 703 വിഷയങ്ങളാണ് വന്നത്. ജൂലൈ മധ്യത്തോടു കൂടി ആരംഭിച്ച പ്രക്രിയയാണ് ഇത്. പരിമിതമായ സമയത്തിനുള്ളിൽ പ്രശ്ന പരിഹാരത്തിൽ കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഈ ഉദ്യമത്തിൽ പഠിച്ച പാഠങ്ങൾ ഭാവിയിൽ സമാനമായ പ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കാൻ പ്രചോദനമാണ്. വകുപ്പ് സെക്രട്ടറിമാരുടെ പ്രത്യേക ശ്രദ്ധ, പ്രശ്ന പരിഹാരം വേഗത്തിലാക്കാൻ നല്ല തോതിൽ സഹായിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഉറവിട മാലിന്യ വേർതിരിവിലും വീടുതോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. തീരദേശ മാലിന്യ സംസ്‌കരണ പദ്ധതികൾക്കു കൂടുതൽ ശ്രദ്ധ നൽകും. മുട്ടത്തറയിലെ സ്വീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമേ ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, പാറശാല, ചിറയിൻകീഴ്, അഴൂർ, കള്ളിക്കാട് എന്നിവിടങ്ങളിൽ പുതിയ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. കൊല്ലം കുരീപ്പുഴ കേന്ദ്രീകരിച്ച് 12 എംഎൽഡിയുടെ പ്ലാന്റ് നിർമാണം പുരോഗമിക്കുന്നുണ്ട്. മയ്യനാട് ഒരു എസ്ടിപിക്കും കരുനാഗപ്പള്ളിയിൽ എഫ്എസ്ടിപിക്കും അംഗീകാരം നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ മാലിന്യമുക്തം നവകേരളം പദ്ധതിക്കായി മികച്ച ക്യാംപെയിൻ നടക്കുന്നുണ്ട്. പറക്കോട്, പന്തളം, ഇലന്തൂർ ബ്ലോക്കുകളുടെ നേതൃത്വത്തിൽ പ്രത്യേക ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയാതിരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരിക്കാൻ പൊതുപരിപാടികളിൽ പ്രതിജ്ഞ എടുക്കുന്ന കാര്യം മന്ത്രിസഭായോഗം തീരുമാനിച്ചതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2025 നവംബർ ഒന്നിനു മുൻപു കേരളത്തെ അതിദാരിദ്ര്യത്തിൽനിന്നു മുക്തമാക്കി സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. 2023, 2024 വർഷങ്ങളിൽ ലക്ഷ്യമിട്ടിരിക്കുന്ന എണ്ണം കൈവരിക്കുന്നതോടെ അതിദരിദ്രരായ 93 ശതമാനം പേരെയും അതിദാരിദ്ര്യത്തിൽനിന്നു മുക്തമാക്കാൻ കഴിയും. തിരുവനന്തപുരത്ത് 7278ഉം കൊല്ലത്ത് 4461ഉം പത്തനംതിട്ടയിൽ 2579ഉം കുടുംബങ്ങളെയാണ് അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്ത് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി നടക്കുന്ന സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഇനിയും പൂർത്തിയാകാനുള്ളവ അതിവേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ ക്യാംപെയിൻ തദ്ദേശ സ്വയംഭരണാടിസ്ഥാനത്തിൽ വിപുലമാക്കും.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് സിഡബ്ല്യുപിആർഎസിന്റെ പഠന റിപ്പോർട്ട് വേഗത്തിൽ ലഭ്യമാക്കുന്നതിനും തുറമുഖത്തെ ഡ്രഡ്ജിങ് വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കും. പുലിമുട്ടിൻറെ തെക്കുഭാഗത്ത് അടിഞ്ഞുകൂടുന്ന മണ്ണ് വടക്കു ഭാഗത്തേക്ക് സാൻഡ് ബൈപാസിങ് വഴി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്നും അവലോകന യോഗം തീരുമാനിച്ചു. കോവളം ബേക്കൽ ജലപാതയുടെ ജില്ലയിലെ നിർമാണ പുരോഗതി യോഗം വിലയിരുത്തി. തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് പദ്ധതി ഉടൻ യാഥാർഥ്യമാക്കും. മലയോര ഹൈവേ പദ്ധതി അഞ്ചു റീച്ചുകളായി തിരുവനന്തപുരം ജില്ലയിൽ നിർമാണം പുരോഗിക്കുന്നു. തീരദേശ ഹൈവേയുടെ 74.2 കിലോമീറ്ററാണു ജില്ലയിൽ വരുന്നത്. ഇതിൽ ഒന്നാം പാലം മുതൽ പള്ളിത്തുറ വരെയുള്ള 21.53 കിലോമീറ്ററിൽ 4(1) നോട്ടിഫിക്കേഷൻ പ്രസിദ്ധപ്പെടുത്തി. ബാക്കിയുള്ള 51.98 കിലോമീറ്ററിൽ കല്ലിടൽ / ജിയോടാഗിങ് പൂർത്തിയായി.
ആർദ്രം മിഷനിലുൾപ്പെടുത്തി പത്തനംതിട്ട ജില്ലയിലെ 24 സ്ഥാപനങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി. 11 സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിൽ ഒരെണ്ണം ബ്ലോക്ക് ലെവൽ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തി. ഒ.പി പരിവർത്തനത്തിനായി തിരഞ്ഞെടുത്ത അഞ്ച് മേജർ ആശുപത്രികളിൽ രണ്ടെണ്ണം പൂർത്തിയായി. പത്തനംതിട്ട ജില്ലയിൽ പൊതു വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി അഞ്ച് കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രഖ്യാപിച്ച അഞ്ച് കെട്ടിടങ്ങളുടേയും നിർമാണം പൂർത്തിയായി. മൂന്ന് കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടങ്ങളിൽ ആറെണ്ണവും ഒരു കോടി രൂപ ഫണ്ട് ഉപയോഗിച്ച് ഒരു കെട്ടിടവും പൂർത്തിയാക്കി. നിർമാണം പൂർത്തിയാകാനുള്ളവ അടിയന്തിരമായി പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ നിർദ്ദേശം നൽകി.
കൊല്ലം ജില്ലയിൽ ഒരു കോടി ചെലവഴിച്ച സ്‌കൂൾ കെട്ടിട പദ്ധതിയിൽ കുണ്ടറ കെജിവി യുപിസ്‌കൂളിന് സ്ഥലം ലഭ്യമല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് അവലോകന യോഗം നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.