മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗം ഇന്ന് തൃശ്ശൂര്‍ കിഴക്കേ കോട്ടയിലെ ലൂര്‍ദ്ദ് ചര്‍ച്ച് ഹാളില്‍ നടക്കും. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളുടെ അവലോകന യോഗമാണ് തൃശൂരില്‍ നടക്കുക. സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേഖലാതല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30 മുതല്‍ 1.30 വരെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകീട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫിസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവും നടക്കും. ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം, വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന – ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകള്‍ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മൂന്ന് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും യോഗത്തില്‍ സംബന്ധിക്കും.
ഇതോടനുബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ വേദി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. എഡിഎം ടി മുരളി, ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) യമുനാ ദേവി, തഹസില്‍ദാര്‍ ടി ജയശ്രീ, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി, മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിമാരോടൊപ്പമുണ്ടായിരുന്നു.