ചേർത്തല അർത്തുങ്കൽ- വേളാങ്കണ്ണി കെഎസ്ആർടിസി ബസ് സർവീസിന് രണ്ട് സൂപ്പർ ഡീലക്‌സ് ബസ് അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. നിലവിലുള്ള സൂപ്പർഫാസ്റ്റ് ബസ് മാറ്റി യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്ന രീതിയിൽ ഡീലക്സ് ബസ് അനുവദിക്കണമെന്ന് കൃഷി മന്ത്രി ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പുഷ്ബാക് സീറ്റോടുകൂടിയ ആധുനിക രീതിയിലുള്ള ഡീലക്‌സ് ബസ് ആണ് അനുവദിച്ചിരിക്കുന്നത്. നിലവിലുള്ള എറണാകുളം ജെട്ടി -കൊടുങ്ങല്ലൂർ- ഗുരുവായൂർ- പട്ടാമ്പി- പാലക്കാട് മാറ്റി എറണാകുളം ജെട്ടി- കൊടുങ്ങല്ലൂർ- ഇരിങ്ങാലക്കുട- തൃശ്ശൂർ വഴിയാക്കി യാത്ര സമയം കുറയ്ക്കുന്നതിനും കളക്ഷൻ വർദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് 2.30ന് ചേർത്തലയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 6.25ന് വേളാങ്കണ്ണിയിൽ എത്തുന്ന രീതിയിലാണ് പുതുക്കിയ സമയക്രമം. രാവിലെയുള്ള മലയാള കുർബാനയിൽ ഭക്തർക്ക് പങ്കെടുക്കുന്ന തിന് സാധിക്കുന്ന രീതിയിലാണ് ക്രമീകരണം. തിരിച്ച് വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം 5.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7:50ന് ചേർത്തലയിൽ എത്തും.
സർവീസ് ആരംഭിച്ച് 11 ദിവസത്തോളം കളക്ഷനും സമയക്രമവും നിരീക്ഷിക്കും. പരമാവധി കളക്ഷൻ ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്. ഡീലക്സ് ബസ് അനുവദിക്കുന്നതോടെ തീർത്ഥാടകരുടെ ദീർഘനാളായി ഉള്ള ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. എത്രയും വേഗം സർവീസ് ആരംഭിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു