ജില്ലയിലെ വിവിധ സുനാമി കോളനികളിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി എം പിമാരുടേയും എം എല്‍ എമാരുടേയും പ്രത്യേക യോഗം വിളിക്കാന്‍ ദിശ യോഗത്തില്‍ തീരുമാനമായി. ജല്‍ജീവന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പി.എം.ഇ.ജി.പി യൂണിറ്റുകളുടെ മാര്‍ജിന്‍ മണി ബാങ്ക് അഡ്ജസ്റ്റ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കി സിബില്‍ സ്‌കോറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കാനും തീരുമാനിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനത്തിനായി പബ്ലിക് ലൈബ്രറിയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍. കെ. പ്രേമചന്ദ്രന്‍ എം പി അധ്യക്ഷനായി. കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷകുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സുധ ജി.എസ്, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി സജീവ്, കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി, വിവിധവകുപ്പ് മേധാവിമാര്‍ എന്നിവര്‍ പങ്കെടുത്തു.