പീച്ചി വാഴാനി ടൂറിസം കോറിഡോറിന്റെ വരവോടെ നാടിന്റെ വികസനം സാധ്യമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിരവധി വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും പീച്ചി വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നവീകരണത്തിനായി 58.80 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

എല്ലാ മേഖലയിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. പീച്ചി വാഴാനി കോറിഡോർ റോഡ് നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പീച്ചി വാഴാനി റോഡ് രണ്ട് ടൂറിസം ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിക്കുന്നതിനൊപ്പം പാലക്കാട് ജില്ലയിൽ നിന്നും വേഗത്തിൽ എത്തിപ്പെടാനാകും. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്ക് ഉൾപ്പെടെ ഇതിന്റെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത 544 ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി – വാഴാനി റോഡിലെ കരുമത്ര സെന്ററിൽ അവസാനിക്കുന്ന 18.65 കിലോമീറ്റർ റോഡ് വീതി കൂടി ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന പദ്ധതിയാണ് പീച്ചി – വാഴാനി ടൂറിസം കോറിഡോർ റോഡ് നവീകരണ പ്രവൃത്തി. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ തെക്കുംകര പഞ്ചായത്തിലെ കരുമത്ര സെന്റർ വരെയുള്ള 11.65 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്.

ചടങ്ങിൽ എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്തീൻ എന്നിവർ മുഖ്യാതിഥികളായി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു പരമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മാടയ്ക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹൻ, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനിൽ കുമാർ, സിൽക്ക് ഡയറക്ടർ ബോർഡ് അംഗം മേരി തോമസ്, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, എ ആർ കൃഷ്ണൻകുട്ടി, പി എസ് റഫീഖ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ, കെ ആർ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഐ സജിത്, കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.