24 കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ സേവനത്തിന്

നിരാലംബരും നിർധനരുമായ കുടുംബങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കുടുംബശ്രീയുമായി സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന അഗതി രഹിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ 15372 പേർക്ക് ആശ്വാസം. അശരണരായ വ്യക്തികൾക്ക് ആവശ്യാനുസരണം ഭക്ഷണം, കുടിവെള്ളം, മരുന്ന്, ശൗചാലയം, വിദ്യാഭ്യാസം, വസ്ത്രം, വീട്, ഭൂമി എന്നിവ ലഭ്യമാക്കുന്നതാണ് പദ്ധതി. ജില്ലയിൽ 106 തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി പ്രവർത്തങ്ങൾ നടപ്പിലാക്കിവരുന്നു.

നിർധനരായി കണ്ടെത്തുന്ന കുടുംബത്തിന് അവരുടെ അടിസ്ഥാന,അതിജീവന,വികസന ആവശ്യങ്ങൾ തുടങ്ങിയവ നിർവഹിക്കുന്നതിനുള്ള പരിചരണ സേവന പാക്കേജുകളാണ് നടപ്പിലാക്കി വരുന്നത്. കുടുംബശ്രീക്കാണ് ഗുണഭോക്താക്കൾക്ക് ആനുകൂല്യം ലഭ്യമാക്കാനുള്ള ചുമതല. ഇതിനുവേണ്ടിയുള്ള കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുപ്പ് ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഒക്ടോബർ ആദ്യവാരത്തിൽ അവരുടെ സേവനം ലഭ്യമായിത്തുടങ്ങും. നാല് ഗ്രാമപഞ്ചായത്തുകൾക്കായി ഒരു കമ്യൂണിറ്റി ആർ.പി എന്ന രീതിയിലാണ് ഇവരുടെ പ്രവർത്തനം. ജില്ലയിൽ 24 പേരെയാണ് ആദ്യഘട്ടത്തിൽ നിയമിക്കുക. അഗതി രഹിതം കേരളം പദ്ധതിക്ക് പുറമെ അതിദരിദ്ര അംഗങ്ങൾ, ബഡ്‌സ് സ്‌കൂൾ, വയോജന അയൽക്കൂട്ടങ്ങൾ എന്നിവരിലേക്ക് വിവിധ പദ്ധതികൾ എത്തിക്കുന്നതിനും റിസോഴ്‌സ്‌പേഴ്‌സൺമാരെ ചുമതലപ്പെടുത്തും.