പൊതു വിദ്യാഭ്യാസമേഖലയിൽ 7,76,683 കുട്ടികൾ പഠിക്കുന്ന ജില്ലയിൽ വിദ്യാകിരണം പദ്ധതി പ്രകാരം അഞ്ച് കോടിയുടെ കിഫ്ബി ഫണ്ടനുവദിച്ച 18 സ്കൂളുകളിലേയും നിർമാണം പൂർത്തിയായി. മൂന്ന് കോടി കിഫ്ബി ഫണ്ടുപയോഗിച്ച് 31 സ്കൂളുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. മൂന്ന് സ്കൂളുകളുടെ നിർമാണം പുരോഗിമിക്കുകയാണ്. ഒരു കോടി കിഫ്ബി ഫണ്ടിൽ 33 സ്കൂളുകളുടെ നിർമാണവും പൂർത്തിയായി. കെ ഡിസ്കുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന മഞ്ചാടി ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതി ജില്ലയിൽ ഒരു ഒരു സ്കൂളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലയിലെ 212 സ്കൂളുകളിൽ ഒക്ടോബർ മുതൽ ആരംഭിക്കും. പഠനം രസകരമായ അനുഭവമാക്കി മാറ്റുന്ന വർണ്ണക്കൂടാരം പദ്ധതി 55 സ്കൂളുകളിൽ പ്രവർത്തനമാരംഭിച്ചതായും യോഗം വിലയിരുത്തി.
അലിഗഡ് യൂണിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രത്തിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ നടപ്പിലാക്കേണ്ടത് യൂണിവേഴ്സിറ്റി ആണെന്നും അതിന് സംസ്ഥാന സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും ആവശ്യമായ സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശാലമായ ക്യാമ്പസ് സ്ഥാപിക്കുന്നതിന് മുന്നൂറിൽ അധികം ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടുണ്ട്. 2010 ൽ യൂണിവേഴ്സിറ്റി സെൻറർ ആരംഭിച്ചതിനുശേഷം മൂന്ന് കോഴ്സുകളാണ് ഇവിടെ തുടങ്ങിയത്. ബി. വോക്, എൽ.എൽ.എം, ബി ഫാം, എം. എഡ്, ഇന്റഗ്രേറ്റഡ് ബി.എഡ് ഉൾപ്പെടെ 5 കോഴ്സുകൾക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര യൂണിവേഴ്സിറ്റിയിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ നിന്നും നിരന്തരസമ്മർദ്ദം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.