ലൈഫ് മിഷൻ പദ്ധതി വഴി 2022 -23 സാമ്പത്തിക വർഷത്തിൽ 9915 വീടുകളും നടപ്പ് സാമ്പത്തിക വർഷം ഇതുവരെയായി 1916 വീടുകളും ജില്ലയിൽ പൂർത്തീകരിച്ചതായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മേഖലാ അവലോകന യോഗം വിലയിരുത്തി. 11791 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര വിഭാഗത്തിൽ നിന്നും 47 വീടുകൾ നിർമ്മാണം പൂർത്തിയായി. അതിദരിദ്രരുടെ അപേക്ഷകളിൽ വേഗത്തിൽ നടപടികൾ സ്വീകരിക്കണമെന്നും കരാർ ഒപ്പിടുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആർദ്രം മിഷൻ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ തുടർച്ചയായി തെരഞ്ഞെടുത്ത 88 സ്ഥാപനങ്ങളിൽ 61 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. വയോജന പരിപാലനവും സാന്ത്വന പരിചരണവും ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ 106 പ്രാഥമിക യൂണിറ്റുകളും 20 അധിക യൂണിറ്റുകളും 34 സെക്കൻഡറി യൂണിറ്റുകളുമാണ് ഉള്ളത്. ആകെ 32958 രോഗികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 18 ഫിസിയോതെറാപ്പി യൂണിറ്റുകളും ജില്ലയിലുണ്ട്. ആറ് ഐസൊലേഷൻ വാർഡുകളുടെ നിർമ്മാണം പൂർത്തിയായി. അഞ്ച് സ്ഥലങ്ങളിൽ നിർമ്മാണം പുരോഗമിക്കുകയാണ്.
ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂമി ലഭ്യമാക്കുന്നതിൽ കൂടുതൽ ഇടപെടൽ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചുങ്കത്തറ, പോത്തുകല്ല്, കാളികാവ്, തൃപ്രങ്ങോട് എന്നിവിടങ്ങളിലാണ് ജില്ലയിൽ സ്വകാര്യഭൂമി ഏറ്റെടുക്കാനുള്ളത്.