കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചു.

തീരപ്രദേശത്തു നിന്നും മൂന്ന് ദിവസത്തേക്ക്  മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കടലില്‍പോയിട്ടുള്ളവര്‍ എത്രയും വേഗം തിരികെ എത്തണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടാവസ്ഥയിലുളള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും മരങ്ങള്‍ നില്‍ക്കുന്നസ്ഥലത്തിന്റെ കൈവശക്കാരായ സര്‍ക്കാര്‍ വകുപ്പുകളും അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

കെട്ടിടങ്ങളുടെ മുകളിലും റോഡുകള്‍ക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടതിന് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ആശുപത്രികളില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കേണ്ടത് വൈദ്യുതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ജില്ലയിലെ എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ ഓറഞ്ച് അലര്‍ട്ട് ഉള്ള ദിവസങ്ങളില്‍ സുസജ്ജമായി പ്രവര്‍ത്തിപ്പിക്കുവാന്‍ എല്ലാ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

പോലീസ്/ഫയര്‍ – റസ്‌ക്യു കണ്‍ട്രോള്‍ റൂമുകളും സജ്ജമാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തി. മലയോര മേഖലകളിലേയും, ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കാന്‍ വനം വകുപ്പും, ടൂറിസം വകുപ്പ് നടപടിയെടുക്കണം. ലഭ്യമായ ക്രെയിനുകളും, മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യംവരുന്ന മുറക്ക് വിന്യസിക്കാന്‍ ഗതാഗത വകുപ്പിനാണ് ഉത്തരവാദിത്തം. കെ എസ് ഇ ബി യുടെയും, പൊതുമരാമത്തു വകുപ്പിന്റെയും കാര്യാലയങ്ങളില്‍ അടിയന്തര റിപ്പയര്‍ സംഘങ്ങളെ സജ്ജമാക്കി നിര്‍ത്തണം. ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനവുമായി ചേര്‍ന്ന് സുസജ്ജമാക്കി വില്ലേജാഫീസര്‍മാര്‍ താക്കോല്‍ കൈവശം വയ്ക്കണം.

അടിയന്തര സഹായത്തിനായി 1077 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാമെന്നും ജില്ല കലക്ടര്‍ അറിയിച്ചു