ലോകത്ത് ഏറ്റവുമധികം സ്മരിക്കപ്പെടുന്ന പേരുകളിലൊന്നാണ് ഗാന്ധിജിയുടേതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ബീച്ചിലെ ഗാന്ധിപാര്‍ക്കില്‍ ജില്ലാ ഭരണകൂടം, കൊല്ലം കോര്‍പറേഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഒറ്റയാള്‍പട്ടാളമെന്നാണ് ഗാന്ധിജിയെ ചരിത്രം അടയാളപ്പെടുത്തുന്നത്. ഗാന്ധിജിയുടെ സഹനസമര മുറയ്ക്ക് സമാനതകളില്ല. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവുമധികം ഓര്‍ക്കേണ്ടപേരാണ് മഹാത്മാവിന്റേത്. കലാപത്തിന്റെയും വര്‍ഗീയതുടേയും നീക്കങ്ങളുണ്ടാകുമ്പോള്‍ സമാധാനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കാകും. അതുകൊണ്ട് അദ്ദേഹത്തെ ഓര്‍ക്കുക മാത്രമല്ല ജീവിതാനുഭവമായി പകര്‍ത്തുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് കാലികപ്രസ്‌കതിയേറുകയാണെന്ന് അധ്യക്ഷയായ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. രാജ്യത്തിന്റെ മാറ്റങ്ങള്‍ക്ക് ചരിത്രപരമായ തുടക്കംകുറിച്ച വ്യക്തിത്വത്തിനുടമയുമായിരുന്നു മഹാത്മാഗാന്ധിയെന്നും കൂട്ടിച്ചേര്‍ത്തു.

എം. നൗഷാദ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ പ്രസന്ന ഏണസ്റ്റ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്വാഗതം പറഞ്ഞു. യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുമന്‍ജിത്ത് മിഷ നയിക്കുന്ന ‘ഗാന്ധിപഥങ്ങളിലൂടെ’ സ്മൃതിയാത്ര മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഗാന്ധിവേഷധാരി സംഗമം, ശൂരനാട് സജീവിന്റെ നേതൃത്വത്തിലുള്ള ‘ഗാന്ധിവര’ തത്സമയ ചിത്രരചന എന്നിവയും അനുബന്ധമായി നടന്നു. രാവിലെ ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നില്‍തുടങ്ങി ഗാന്ധിപാര്‍ക്കില്‍ അവസാനിച്ച ഗാന്ധിജയന്തിദിന റാലി സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.