കുട്ടനാട് ഉൾപ്പെടെയുള്ള പാടങ്ങളിലെ രണ്ടാം നെൽകൃഷി വിളവെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താനും കൊയ്ത ഉടന്‍ തന്നെ സംഭരണത്തിന് നടപടി സ്വീകരിക്കാനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും കൃഷിക്കാരുടെയും കൊയ്ത്ത് യന്ത്ര ഉടമകളുടെയും യോഗം തീരുമാനിച്ചു.
കുട്ടനാട് എംഎൽഎ തോമസ് കെ തോമാസ്,ജില്ല കലക്ടർ ഹരിതാ വി കുമാർ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജയിംസ്, മെക്കനൈസേഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ഡോ. യു. ജയകുമാരൻ, കൃഷി വകുപ്പ് മന്ത്രി പി.പ്രസാദിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എ.അരുൺ കുമാർ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
8765 ഹെക്ടർ പാടശേഖരമാണ് രണ്ടാം കൊയ്ത്തിനായി ഉള്ളത്. 153 പാടശേഖരങ്ങൾ ഇതിലുൾപ്പെടും. അപ്രതീക്ഷിതമായി വന്ന ശക്തമായ മഴ കൊയ്ത്തിനെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി യോഗത്തില്‍ പറഞ്ഞു. പാടശേഖരങ്ങളിൽ നിന്ന് കൊയ്ത ഉടന്‍ നെല്ല് സംഭരിക്കുന്നതിനുള്ള നടപടികൾ പാഡി ഓഫീസർമാർ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി. മന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.