ഒളകര പട്ടിക വര്‍ഗ്ഗ സങ്കേതത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ തൃശൂരില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഒക്ടോബര്‍ മൂന്നിന് പുനരാരംഭിക്കും. കോളനി നിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി വനം, റവന്യൂ, പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതായും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളുന്നതിനായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം മേഖലാതല യോഗത്തിനു ശേഷം മന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. ഭൂമി ലഭ്യമാക്കുന്ന കാര്യത്തിലുള്ള എല്ലാ തടസ്സങ്ങളും നീക്കാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒളകര കോളനിയിലെ കുടുംബങ്ങള്‍ക്ക് വനാവകാശനിയമ പ്രകാരമുള്ള ഭൂമി ലഭ്യമാക്കുന്ന കാര്യത്തില്‍ ശക്തമായ നിലപാടാണ് സര്‍ക്കാരിന്റേത്. കോളനി നിവാസികള്‍ക്ക് അര്‍ഹമായ ഭൂമി പതിച്ചുനല്‍കുന്ന കാര്യത്തില്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.