വനത്തെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനോടൊപ്പം വന്യജീവികളിൽ നിന്നും ഉപദ്രവം നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളും വനം വകുപ്പ് സ്വീകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. വനംവകുപ്പ് ഉദ്യോഗസ്ഥർ നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് അപകടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ധോണിയിലെ ആന ക്യാമ്പ് സന്ദർശിച്ച് ആനപ്പാപ്പാൻമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ധോണി ഉൾപ്പെടെയുള്ള വനം വകുപ്പിന്റെ ആന സംരക്ഷണകേന്ദ്രങ്ങളിലെ എല്ലാ പാപ്പാന്മാരെയും ബഹുമാനപൂർവ്വം ഓർമിക്കുന്നതിനോടൊപ്പം ധോണി എന്ന ആനയെ സംരക്ഷിക്കുന്ന പാപ്പാന്മാരെ ആദരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംരക്ഷണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ആനകളുടെ തൊട്ടടുത്തു നിൽക്കുന്നത് പാപ്പാന്മാരാണ്.

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ വളരെ സാഹസികമായിട്ടാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥർ പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പി.ടി സെവനെ പിടിച്ച്, സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ വനംവകുപ്പിന് കഴിഞ്ഞു. പി.ടി സെവന്റെ കാഴ്ച നഷ്ടപ്പെട്ടതു സംബന്ധിച്ച് ആന സഹകരിച്ച് തുടങ്ങിയപ്പോൾ തന്നെ ചികിത്സകൾ ആരംഭിക്കുകയും നിലവിൽ തുടർന്നുകൊണ്ടിരിക്കുകയാണെന്നും കാഴ്ച തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

വന്യജീവിയെ സംരക്ഷിക്കുക മാത്രമല്ല വന്യജീവി സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെട്ട ജീവനക്കാരെയും തുല്യ പ്രാധാന്യത്തോടെ കൂടി സംരക്ഷിക്കുക എന്ന ദൗത്യമാണ് വനം വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. അവർക്കുള്ള സംരക്ഷണത്തെ സംബന്ധിച്ച് മറ്റ് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വനംവകുപ്പ് പിടികൂടുന്ന മൃഗങ്ങളെ വകുപ്പിന്റെ കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിലും ശുശ്രൂഷ കേന്ദ്രങ്ങളിലും എത്തിച്ച് പരിപാലിക്കുകയോ അല്ലെങ്കിൽ ഉൾക്കാടിലേക്ക് വിടുകയോ ആണ് ചെയ്യുന്നത്. വനം വകുപ്പിന്റെ ചുമതല വന്യമൃഗങ്ങളെ സംരക്ഷിക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണെന്നും അത് ഒരു വിട്ടുവീഴ്ചയുമില്ലാതെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഏറ്റവും വലിയ മാതൃകാപരമായ സുവോളജിക്കൽ പാർക്കിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തവണത്തെ വന്യജീവി വാരാഘോഷം ആരംഭിക്കുന്നത്. വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളിലും നിശ്ചിത സമയത്ത് ജനങ്ങൾക്ക് സൗജന്യ സന്ദർശനം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പരിപാടിയിൽ ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ കുറ ശ്രീനിവാസ്, സി.സി.എഫ് അഹമ്മദ് ഷഹബാബ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.