സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് തല വിളംബര ജാഥയും സമ്മേളനവും നടത്തി. അട്ടപ്പാടി ഐ.ടി.ഡി.പി അങ്കണത്തിൽനിന്നും ആരംഭിച്ച വിളംബര ജാഥയിൽ ഐ.ടി.ഡി.പിയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർ, വാർഡന്മാർ, ഹോസ്റ്റൽ ജീവനക്കാർ, സാമൂഹ്യ പഠനമുറികളിലെ ജീവനക്കാർ, എസ്.ടി പ്രമോട്ടർമാർ തുടങ്ങി 300 ഓളം പേർ പങ്കെടുത്തു.

അഗളി ഇ.എം.എസ് ഹാളിൽ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു അധ്യക്ഷനായി. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സമ്പൂർണ എ പ്ലസ് വാങ്ങിയ മുക്കാലി എം.ആർ.എസിലെ എം.ആർ സത്യലക്ഷ്മി, ഷോളയൂർ ജി.ടി.എച്ച്.എസിലെ പി. കോകില, എൽ.എൽ.ബി. ബിരുദം കരസ്ഥമാക്കിയ ധാന്യം ഊരിലെ ടി.ആർ കനക എന്നിവരെ മൊമെന്റോ നൽകി അനുമോദിച്ചു. അഗളി പി. എം.എച്ച് ബോയ്സിലെ ആർ. അഖിൽ രാജിന്‌ ധീരതക്കുള്ള പ്രത്യേക അവാർഡും നൽകി. ഒക്ടോബർ രണ്ടു മുതൽ 16 വരെ ഐ.ടി.ഡി. പിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ‘ഉയരാം ഒത്തൊരുമിച്ച്’ എന്ന ആശയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ടി.ഇ.ഒമാരായ പ്രിൻസ് റഷീദ്, രാഹുൽ, വത്സലകുമാരി, എം.ആർ.എസ് പ്രിൻസിപ്പാൾ പി.കെ ബിനോയി, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസർ വി.കെ. സുരേഷ് കുമാർ, വാർഡൻ എൻ. മുഹമ്മദ്, മുക്കാലി എം.ആർ.എസ് സീനിയർ സൂപ്രണ്ട് എം. കന്തസ്വാമി എന്നിവർ സംസാരിച്ചു.