ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തിയ്യതികളില്‍

ജില്ലയില്‍ ഡിസംബര്‍ 1, 2, 3,തിയ്യതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പ് മന്ത്രിമാരും മണ്ഡലാടിസ്ഥാനത്തില്‍ നേരിട്ടെത്തുന്ന നവകേരള സദസ് നടക്കും.പരിപാടിയില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ,യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതി-വര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാരന്മാര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍, കലാസാംസ്‌കാരിക മേഖലയിലുള്ളവര്‍, ജനപ്രതിനിധികള്‍,വിവിധ മേഖല പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടും.പൗര പ്രമുഖരുമായി കൂടിക്കാഴ്ചയും നടക്കും.

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ എംഎല്‍എമാര്‍ ഉള്‍പ്പെട്ട യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എ.സ് ചിത്രയാണ് ഈ കാര്യം അറിയിച്ചത്. കൃത്യമായി കൂടി ആലോചന നടത്തി പരിപാടിയുടെ നടത്തിപ്പ് സുഗമമാക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.മണ്ഡലാടിസ്ഥാനത്തില്‍ വേദികള്‍ സജ്ജമാക്കും. സദസ്സുകളില്‍ 5000 ഇരിപ്പിടങ്ങള്‍ ഒരുക്കുമെന്ന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

പാലക്കാട് നിയോജകമണ്ഡലത്തില്‍ മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 14ന് സംഘാടക സമിതി യോഗം നടക്കും. അതിനു മുന്നോടിയായി ഒക്ടോബര്‍ നാലിന് ആലോചനായോഗം ചേരും. മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 13 നും ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഒമ്പതിനും സംഘാടക സമിതി യോഗം ചേരും.

സംഘാടക സമിതി യോഗത്തിന് മുന്നോടിയായി മലമ്പുഴ,തരൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഒക്ടോബര്‍ അഞ്ചിനും നെന്മാറ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തൃത്താല മണ്ഡലങ്ങളില്‍ നാലിനും ആലത്തൂര്‍ മണ്ഡലത്തില്‍ മൂന്നിനും പട്ടാമ്പി മണ്ഡലത്തില്‍ ആറിനും കോങ്ങാട് മണ്ഡലത്തില്‍ ഒമ്പതിനും ആലോചനായോഗങ്ങള്‍ നടക്കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി. മമ്മികുട്ടി, പി.പി സുമോദ്, കെ.ഡി പ്രസേനന്‍, മുഹമ്മദ് മുഹ്‌സിന്‍, കെ. ബാബു, അഡ്വ. കെ. ശാന്തകുമാരി, എ. പ്രഭാകരന്‍, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം കെ മണികണ്ഠന്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ സച്ചിന്‍ കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. മന്ത്രി എം.ബി രാജേഷ് ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.