മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റെ ഭാഗമായുള്ള സങ്കല്പ സപ്താഹ് ഏഴുദിന പരിപാടികൾക്ക് ഇന്ന് തുടക്കം കുറിക്കും. വിവിധ മേഖലകളിൽ വികസന മുന്നേറ്റത്തിനായി ഒക്ടോബർ മൂന്നു മുതൽ 9 വരെ സങ്കൽപ്പ സപ്താഹ് എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടികളും, പ്രവർത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിപ്രസിഡന്റ് എ.കെ ജയഭാരതിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

വയനാട് പ്രോജക്ട് ഡയറക്ടർ അജീഷ് പദ്ധതി വിശദീകരിച്ചു. ഒക്ടോബർ മൂന്ന് മുതൽ ഒമ്പത് വരെ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിൽ, സർക്കാർ സ്ഥാപനങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ, മത്സരങ്ങൾ, റാലികൾ, ആരോഗ്യ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പരിപാടികളുടെ ഭാഗമായി എടവക ഗ്രാമപഞ്ചായത്തിൽ ഇന്ന്  സ്വാസ്ഥ്യ മേള നടത്തും.

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കും. ഒക്ടോബർ നാലിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിൽ പോഷൻ മേളയും , അഞ്ചിന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിനും ,ആറിന് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ കൃഷി മഹോത്സവവും , ഏഴിന് തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും
,എട്ടിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ വ്യവസായ സംരംഭ സെമിനാർ സമൃദ്ധി ദിവസും നടത്തും.

സമാപന പരിപാടി സങ്കല്പ സപ്താഹ് സമ്മേളനം ഒമ്പതിന് മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളിൽ നടത്താൻ തീരുമാനിച്ചു. സമാപന ദിവസം സമാപന റാലി, വിവിധ പ്രദർശന മേളകൾ, സെമിനാറുകൾ, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ആദരിക്കൽ, പി എം എ വൈ ഭവന പദ്ധതിയിൽ താക്കോൽദാനം എന്നിവ നടത്താനും യോഗം തീരുമാനിച്ചു. ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ന്യൂഡൽഹിയിൽ വെച്ച് സെപ്റ്റംബർ 30ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബിയും, സെക്രട്ടറി കെ കെ രാജേഷും പങ്കെടുത്തിരുന്നു.