ഗാന്ധിജയന്തി വാരത്തില്‍ വേറിട്ട ശുചീകരണദൗത്യവുമായി ജില്ലാ ഭരണകൂടം. ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നെത്തുന്ന വയനാട്ടിലെ ടൂറിസം ദിശാസുചക ബോര്‍ഡുകള്‍ വൃത്തിയാക്കുന്ന “ഷൈന്‍ ബോര്‍ഡ് ” ക്യാമ്പെയിനാണ് ജില്ലയില്‍ നാളെ തുടക്കമാകുന്നത്.പലവിധ കാരണങ്ങളാല്‍ കാഴ്ചകള്‍ മറഞ്ഞ ദിശാ സൂചക ബോര്‍ഡുകള്‍ ഇനി പുതുമോടിയില്‍ വഴികാട്ടും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടമാണ് ഷൈന്‍ ബോര്‍ഡ് ക്യാമ്പയിനിന് മുന്നിട്ടിറങ്ങുന്നത്.

എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, കൂട്ടായ്മകള്‍, ക്‌ളബ്ബുകള്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ ഈ ശുചീകരണ ദൗത്യത്തില്‍ പങ്കാളികളാകാം. ഗാന്ധിജയന്തി വാരത്തോടുബന്ധിച്ച് ഒക്‌ടോബര്‍ എട്ടിനകം ജില്ലയിലെ വഴിയോരത്തുള്ള മുഴുവന്‍ ദേശ സൂചികാ ബോര്‍ഡകളും വൃത്തിയാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ മുഴുവന്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും വഴികാട്ടുന്ന ബോര്‍ഡുകള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ പാതയോരങ്ങളില്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. പൊടി പടലങ്ങളും മറ്റും മൂടിയതിനാല്‍ ഇത്തരം റിഫ്‌ളക്ടര്‍ ബോര്‍ഡുകള്‍ മങ്ങിയിരുന്നു. മഴക്കാലം പിന്നിട്ട് ഉണരുന്ന വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് വഴിതെറ്റാതെയെത്താന്‍ ഷൈന്‍ ബോര്‍ഡ് ക്യാമ്പെയിന്‍ തുണയാകും.