മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കുന്ന ഹരിത ശുചിത്വ സമേതം വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ 1028 വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പൂര്‍വ്വാധ്യാപകരുമെല്ലാം ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നവ കേരള മിഷന്‍, ദേശീയ ഹരിത സേന, ജില്ലാ ശുചിത്വമിഷന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാലയങ്ങള്‍ ഹരിതാഭമാക്കുന്നതിനായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജനകീയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി രൂപം നല്‍കിയിട്ടുള്ളത്. പരിപാടിയുടെ മാര്‍ഗ്ഗരേഖ പുറത്തിറക്കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ശുചിത്വമിഷന്‍ നേതൃത്വം നല്‍കും.

‘സീറോ വേസ്റ്റ് സ്‌കൂള്‍ ക്യാമ്പയിന്‍ 2023’ എന്ന പേരില്‍ വിവിധ തരത്തിലുള്ള പ്രചാരണ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 200 പുതിയ ‘പച്ചതുരുത്തുകള്‍’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി രണ്ട് സെന്റ് സ്ഥലത്ത് സ്‌കൂളിലോ അല്ലെങ്കില്‍ മറ്റൊരിടത്തോ വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച പച്ചതുരുത്ത് പ്രവര്‍ത്തനം ഈ വര്‍ഷവും കാര്യക്ഷമമായി തുടരും. ‘സമേതം’ സമഗ്ര വിദ്യാഭ്യാസ പരിപാടിയിലൂടെ കഴിഞ്ഞവര്‍ഷം ആരംഭിച്ച ഹരിത വിദ്യാലയം പദ്ധതി സംസ്ഥാന വ്യാപകമാക്കാനുള്ള ആലോചനകള്‍ നവകേരള മിഷന്റെ ഭാഗമായി നടക്കുകയാണ്.

ഹരിത ശുചിത്വ സമേതം വാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റൂര്‍ സി എം ജിഎച്ച്എസ്എസ് സ്‌കൂളില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ റഹീം വീട്ടിപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം ലിനി ഷാജി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികളുടെ കോര്‍ഡിനേറ്റര്‍ ടി വി മദനമോഹനന്‍, തൃശ്ശൂര്‍ വെസ്റ്റ് എഇഒ പി ജെ ബിജു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ കെ ഗീത, ഹെഡ്മിസ്ട്രസ്സ് സി രേഖ രവീന്ദ്രന്‍, എംപിടിഎ പ്രസിഡന്റ് ജയന്തി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.