എറണാകുളം ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് മേഖലാതല അവലോകന യോഗം. മാലിന്യ മുക്ത നവകേരളം കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയും നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. 66 ലക്ഷം രൂപ പിഴ ഈടാക്കി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം 40 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. അനധികൃത മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 1320 വാഹനങ്ങളാണ് 6 മാസത്തിനുള്ളില്‍ ജില്ലയില്‍ പിടികൂടിയത്. ജലാശയങ്ങളില്‍ മാലിന്യം തള്ളിയതിന് 3572 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബോള്‍ഗാട്ടി പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗത്തിലാണ് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഇത് സംബന്ധിച്ച് അവതരണം നടത്തിയത്.

എറണാകുളം ജില്ലയില്‍ ആകെ 1300 മിനി എം.സി.എഫുകളാണ് ( മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) നിലവിലുള്ളത്. അതില്‍ 95 എണ്ണം പുതിയതായി സ്ഥാപിച്ചവയാണ്. 119 എംസിഎഫും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 15 റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി(ആര്‍.ആര്‍.എഫ്)കള്‍ നിലവില്‍ ജില്ലയിലുണ്ട്.

പൊതുസ്ഥലങ്ങളില്‍ കണ്ടെത്തിയ 750 മാലിന്യ കൂമ്പാരങ്ങളില്‍ 716 എണ്ണം നീക്കം ചെയ്തു. മാലിന്യമുക്ത നവകേരള കര്‍മ്മ പദ്ധതി ആരംഭിച്ച ശേഷം ജില്ലയില്‍ 1116 പേര്‍ കൂടി ഹരിത കര്‍മ്മ സേനയില്‍ അംഗങ്ങളായി.

കക്കൂസ് മാലിന്യ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് യോഗം വിലയിരുത്തി. പ്രതിദിനം 600 കിലോ ലിറ്റര്‍ സംസ്‌കരണ ശേഷിയാണ് ജില്ലയ്ക്ക് ആവശ്യം. ബ്രഹ്മപുരത്ത് ബി.പി.സി എല്ലിന്റെ സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഈ പദ്ധതി 9 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. 5 എം.എല്‍.ഡി ശേഷയുള്ള പ്ലാന്റ് നിലവില്‍ എളംകുളത്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജില്ലയില്‍ കൂടുതല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.