മേഖലാതല അവലോകനയോഗത്തിൽ ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം
ടൂറിസം വികസനത്തിന് പ്രാധാന്യമുള്ള ആലപ്പുഴ ജില്ലയിൽ ജല മാലിന്യ നിയന്ത്രണത്തിനും കക്കൂസ് മാലിന്യ സംസ്കരണത്തിനും പ്രാമുഖ്യം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ചേർന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖല അവലോകനയോഗത്തിൽ ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ ജലാശയങ്ങളുടെ മാലിന്യം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. വലിയതോതിൽ ഇപ്പോൾ ജലാശയങ്ങൾ മലിനപ്പെടുന്നു. മലിന ജല സംസ്കരണ പ്ലാന്റ്, കക്കൂസ് മാലിന്യ സംസ്കരണ കേന്ദ്രം എന്നിവ ജില്ലകളിൽ സ്ഥാപിക്കുന്നതിന് മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ ജനറൽ ഹോസ്പിറ്റലിലെ എസ്.ടി.പി.യുടെയും ചേർത്തല എഫ്. എസ്.ടി.പി.യുടെയും നിർമ്മാണം പുരോഗമിക്കുന്നതായി ജില്ലയുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച ജില്ല കളക്ടർ ഹരിത വി. കുമാർ പറഞ്ഞു. ചേർത്തലയിലെ പ്ലാന്റ് പൂർത്തിയാകുന്നതോടെ അത് മാതൃകാപരമായ മുന്നേറ്റമുണ്ടാക്കും. മാവേലിക്കര തെക്കേക്കരയിലേക്കുള്ള എഫ്.എസ്.ടി.പിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഹൗസ് ബോട്ടുകളിലെ മാലിന് സംസ്കരണത്തിന് പരിഹാരത്തിന് നടപടി
ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിന് ബന്ധപ്പെട്ടവരുടെ സംഘടന മുന്നോട്ടുവെച്ച പദ്ധതിക്ക് അനുമതി നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്ന് യോഗത്തിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനുകൂല നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു യോഗത്തിൽ നിർദ്ദേശം നൽകി.
ചേർത്തല ഇരുമ്പുപാലം: പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായി
ചേർത്തല ഇരുമ്പുപാലം, സെന്റ് മേരീസ് പാലം എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ യോഗം വിലയിരുത്തി.
സെന്റ് മേരിസ് പാലം, ഇരുമ്പുപാലം എന്നിവയുടെ നിർമ്മാണം ഉൾനാടൻ ജലഗതാഗതഅതോറിട്ടിയുടെ നീക്കം മൂലം അനിശ്ചിതത്ത്വത്തിലാണെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ചൂണ്ടിക്കാട്ടി.
പിഡബ്ല്യുഡി സെക്രട്ടറി, ചീഫ് എൻജിനീയർ വാട്ടർ അതോറിറ്റി, ഉൾനാടൻ ജലഗതാഗത അതോറിറ്റി പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത സ്ഥല പരിശോധന നടത്തുന്നതിനും എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനും യോഗം തീരുമാനിച്ചു. സെൻറ് മേരീസ് പാലത്തിന് മൂന്നു മീറ്റർ മാനദണ്ഡവും ഇരുമ്പു പാലത്തിന് അഞ്ച് മീറ്റർ മാനദണ്ഡവും ആണ് അതോറിറ്റി ആവശ്യപ്പെടുന്നത്. ഒരേ കനാലിലൂടെയുള്ള വ്യത്യസ്ഥ മാനദണ്ഡങ്ങൾ അനാവശ്യമായി ഉന്നയിക്കുന്നതാണെന്ന് മന്ത്രി പി.പ്രസാദ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി പരിഗണിക്കണമെന്ന് ചീഫ് സെക്രട്ടറിയും നിർദ്ദേശം നൽകി. ചേർത്തല ഇരുമ്പുപാലം നിർമ്മാണത്തിൽ ലാൻഡ് അക്വസിഷൻ നടപടികൾ പൂർത്തിയായതായി യോഗം വിലയിരുത്തി.
കുട്ടനാട് കുടിവെള്ള പദ്ധതിക്ക് കിഫ്ബി ധനസഹായം ഉറപ്പാക്കും
കുട്ടനാട് കുടിവെള്ള പദ്ധതിക്കായി 98 കോടി രൂപ കിഫ്ബി ബോർഡിൽ അനുമതി ലഭ്യമാകും. കുട്ടനാട് കുടിവെള്ള പദ്ധതി സംസ്ഥാനത്തെ വലിയ പദ്ധതികളിലൊന്നാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.കരുവാറ്റ മുതലക്കുറിച്ചിക്കൽ പാലം, കായംകുളം മാർക്കറ്റ് പാലം എന്നിവയുടെ നിർമ്മാണത്തിന് റിവൈസ് ഫണ്ട് അനുമതി നൽകും.
ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമം നൂറനാട് ഒരുക്കും
ആലപ്പുഴ ജില്ലയിൽ മാനസിക വെല്ലുവിളി നേരിടുന്നവർക്കായുള്ള പുനരധിവാസ വില്ലേജിന്റെ നിർമ്മാണത്തിനായി ആരോഗ്യവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള നൂറനാട് ലെപ്രസി സാനിറ്റോറിയത്തോട് ചേർന്ന് ഉപയോഗിക്കാതെ കിടക്കുന്ന 5 ഏക്കർ സ്ഥലം സാമൂഹ്യനീതി വകുപ്പിന് കൈമാറുന്നതിന് നടപടി എടുക്കും.
എറണാകുളം ബോൾഗാട്ടി പാലസിൽ നടന്ന അവലോകന യോഗത്തിൽ ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, ജില്ല കളക്ടർ ഹരിത വി.കുമാർ, സബ് കളക്ടർ സൂരജ് ഷാജി, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.