സുല്‍ത്താന്‍ ബത്തേരി സര്‍വജന ഗവ. ഹൈസ്‌കൂളിന് ഇനി പുതിയ ഹൈടെക് കെട്ടിടം. ആധുനിക ക്ലാസ്സ് മുറികളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്ന് നില കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി. വി.ശിവന്‍കുട്ടി നാളെ വൈകീട്ട് 4ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജും ഹാപ്പിനെസ് കോര്‍ണറിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസും സ്റ്റുഡന്റ് കൗണ്‍സില്‍ പ്രൊജകട് കിഡ്സ് സ്റ്റോറിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ രേണുരാജും നിര്‍വ്വഹിക്കും. അസി. എഞ്ചിനീയര്‍ വി.ജി ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും.
3.27 കോടി രൂപ ചെലവിലാണ് മൂന്ന്‌നില കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 15 സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, 3 ബോയ്‌സ് ടോയ്ലറ്റ് ബ്ലോക്ക്, 3 ഗേള്‍സ് ടോയ്‌ലെറ്റ് ബ്ലോക്ക്, ഒരു ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്, ലിഫ്റ്റ് എന്നിവയാണ് പുതിയ സ്‌കൂള്‍ കെട്ടിടത്തില്‍ സജ്ജമായത്. 2 കോടി രൂപ പൊതു വിദ്യാഭ്യാസ വകുപ്പും, ഒരു കോടി രൂപ കിഫ്ബിയുമാണ് കെട്ടിട നിര്‍മ്മാണത്തിന് നുവദിച്ചത്. നഗരസഭയുടെ 25 ലക്ഷം രൂപ ചെലവിലാണ് ലിഫ്റ്റ് നിര്‍മ്മാണം, ഫയര്‍ സേഫ്റ്റി, മുറ്റം ഇന്റര്‍ലോക്ക് എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.