സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇൻഷൂറൻസ് തുക നിഷേധിച്ച ഓറിയന്റൽ കമ്പനിക്കെതിരെ ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. ഇൻഷൂറൻസ് തുകയായ 10,28,433 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയുമാണ് നൽകേണ്ടത്. മേലാറ്റൂർ സ്വദേശി മേക്കാടൻ കുഴിയിൽ മൊയ്തു സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി.

2019ലെ കാലവർഷത്തിൽ ‘ഇമേജ്’ മൊബൈൽസ് ആൻഡ് കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനം തകർന്നിരുന്നു.  സ്ഥാപനം ഇൻഷൂർ ചെയ്തിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് തുക നൽകാൻ കമ്പനി തയ്യാറായില്ല. തെളിവുകൾ പരിശോധിച്ച കമ്മീഷൻ സ്ഥാപനം ഇൻഷൂർ ചെയ്തിട്ടുണ്ടെന്നും പരാതിക്കാരൻ നഷ്ടപരിഹാരം ലഭിക്കാൻ  അർഹതയുള്ളയാളാണെന്നും കണ്ടെത്തിയാണ് വിധി.

കോടതി ചെലവായി 25,000 രൂപയും നൽകാനും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മീഷൻ ഉത്തരവിലുണ്ട്. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്ത പക്ഷം വിധി തിയ്യതി മുതൽ ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.