വയനാട് മെഡിക്കല്‍ കോളേജിനായി ബോയ്സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍പരിഹരിക്കും. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസ്സില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ അനിവാര്യതകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ തന്നെ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും. ഭൂമി ഏറ്റെടുത്ത നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിലവില്‍ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ ജില്ലാ ആശുപത്രിയില്‍ സജ്ജീകരിക്കും. ക്ലാസ്സുകള്‍ തുടങ്ങാനായി നിലവില്‍ ഇവിടെ പൂര്‍ത്തിയായ കെട്ടിടസൗകര്യങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മേഖല അവലോകന യോഗത്തെ അറിയിച്ചു.

അരിവാള്‍ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം

വയനാട്ടിലെ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആര്‍ദ്രം പദ്ധതികളുടെ പുരോഗതിയും ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. മുഴുവന്‍ അരിവാള്‍രോഗ ബാധിതരെയും കണ്ടെത്തി ഇവര്‍ക്കായുള്ള ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടന്നതായും യോഗം വിലയിരുത്തി. മൂന്ന് ഐസലേറ്റഡ് വാര്‍ഡുകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി പരിവര്‍ത്തന നടപടികളും പൂര്‍ത്തിയായി വരികയാണ്. ക്യാന്‍സര്‍ നിയന്ത്രണപദ്ധതിയും മുന്നേറുന്നു. ടെലിമെഡിസിന്‍, ഇ ഹെല്‍ത്ത് സംവിധാനം എന്നിവയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പുല്‍പ്പള്ളിയില്‍ സാമൂഹിക ആരോഗ്യകേന്ദ്രം അനുവദിക്കണമെന്നും ആവശ്യം ഉയര്‍ന്നു. ജില്ലയില്‍ വനിതാ ശിശുസൗഹൃദ ആശുപത്രി അനുവദിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ഇ്ക്കാര്യം പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ്ജ് പറഞ്ഞു.