സാങ്കേതിക കുരുക്ക് അഴിച്ചു വികസനപദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രിപിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള മേഖല അവലോകന യോഗം. കൂടുതൽ വേഗത്തിലും കൂടുതൽ മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് യോഗം നൽകിയത്. വികസന വിഷയങ്ങൾ താഴെ തട്ടിലേക്ക് ഇറങ്ങി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്തുന്നതിനുള്ള മേഖല അവലോകന യോഗങ്ങൾ പൂർത്തിയായി. നാല് മേഖലകളിൽ അവസാനത്തേതായ കോഴിക്കോട് മേഖല അവലോകന യോഗം വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ നടന്നു.കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിവിധ വികസന പദ്ധതികൾക്ക് സമയബന്ധിത നിർവഹണം ഉറപ്പാക്കുന്നത്തിനുള്ള നിർദേശങ്ങൾ അവലോകന യോഗത്തിലുയർന്നു.
മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജെ. ചിഞ്ചു റാണി, ആർ. ബിന്ദു, പി. പ്രസാദ്, പി. രാജീവ്, കെ. രാധാകൃഷ്ണൻ, സജി ചെറിയാൻ, വി. ശിവൻകുട്ടി, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ.എൻ ബാലഗോപാൽ, എം.ബി രാജേഷ്, ജി.ആർ. അനിൽ, വി. അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, പ്രിൻസിപ്പൽ ഡയറക്ടർമാർ, സെക്രട്ടറിമാർ, നാലു ജില്ലകളിലെ ജില്ലാ കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ നാവിഗേഷൻ, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. ഇവയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പരിഹാര മാർഗങ്ങൾ നിർദേശിച്ചു. വിവിധ വകുപ്പ് മേധാവികളാണ് വിഷയാവതരണം നടത്തിയത്.
രാവിലെ 9.30 മുതൽ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടത്തി. വൈകിട്ട് 3.30 മുതൽ അഞ്ചു വരെ പൊലീസ് ഓഫിസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾ അവലോകനം ചെയ്തു. അവലോകന യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ചൊല്ലി.
ഒരു പുതിയ രീതിയിൽ ഉള്ള ഭരണ രീതിശാസ്ത്രം പ്രായോഗികമായി അവതരിപ്പിക്കുകയാണ് മേഖലാതല അവലോകന യോഗങ്ങളിലൂടെ ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ഡോ. വി.വേണു, പറഞ്ഞു. വിഷയങ്ങൾ തിരുവനന്തപുരത്തേക്കും കേന്ദ്രീകൃതമായ സംവിധാനത്തിലേക്കും വരുന്നതിന് പകരം മേഖലകളാക്കി തിരിച്ച് അതാത് മേഖലകളിൽ പോയി പരിശോധിക്കുകയും അതിന് വേണ്ട പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന നൂതനമായ സംവിധാനമാണ് നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി സെപ്റ്റംബർ 26ന് തിരുവനന്തപുരം ജില്ലയിലായിരുന്നു ആദ്യ അവലോകന യോഗം. സെപ്റ്റംബർ 28ന് പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂരിലും ഒക്ടോബർ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങൾ എറണാകുളത്തും നടത്തി.