പാലക്കാട് നഗരസഭ പരിധിയിലുള്ള പേഴുങ്കര പാലത്തിന് സമീപം സ്ഥിരമായി പൊതുജനങ്ങള്‍ ഒളിഞ്ഞും മറഞ്ഞും മാലിന്യ നിക്ഷേപം നടത്തുന്ന ഇടമാണ്. പലതവണ അധികൃതരുടെ മുന്നറിയിപ്പുണ്ടായിട്ടും മാലിന്യ നിക്ഷേപം ഇവിടെ പതിവാകുന്ന സാഹചര്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, നവകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് നഗരസഭ, പിരായിരി ഗ്രാമപഞ്ചായത്ത്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് എന്നിവയുമായി സഹകരിച്ച് പൊതുമാലിന്യയിടം ശുചീകരിച്ച് പൂന്തോട്ടം ഒരുക്കുന്നു.
ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 7.30 നാണ് പരിപാടി നടക്കുക. 2.5 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമുള്ള സ്ഥലത്താണ് പൂന്തോട്ടം സജ്ജീകരിക്കുക. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീര്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.