ലൈഫ് മിഷന്റെ വിവിധ പദ്ധതിയിൽ വീട് നിർമാണം പൂർത്തീകരിക്കാൻ ജില്ലാ തലത്തിൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രിപിണറായി വിജയൻ  നിർദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം മേഖല അവലോകന യോ​​ഗത്തിൽ നിർദേശിച്ചു.

അതി ദാരിദ്ര്യവിഭാഗത്തിൽപെട്ടവർ എങ്ങനെ ലൈഫ് പട്ടികയിൽ പെടാതെ പോയി എന്നത് പരിശോധിച്ച് അവരെ ഉൾപ്പെടുത്താൻ നടപടി എടുക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. അതി ദരിദ്രർക്കു ഇ പി ഇ പി കാർഡ് ഉപയോഗിച്ച് ലൈഫ് പദ്ധതിയിൽ ചേർക്കാമെന്നും മന്ത്രി പറഞ്ഞു. ഇതിന് അനുസരിച്ചു എത്രയും വേഗം എം ഐ എസ് സോഫ്റ്റ്‌വെയറിൽ വിവരങ്ങൾ ഉൾപ്പെടുത്താനും മന്ത്രി നിർദേശം നൽകി.കണ്ണൂർ ജില്ലയിൽ ലൈഫ് മിഷൻ ഭവന പദ്ധതി 2022- 23 സാമ്പത്തിക വർഷം ലക്ഷ്യമിട്ട 2450 വീടുകളിൽ 2214 വീടുകളാണ് പൂർത്തീകരിച്ചത്. 2023-24 സാമ്പത്തിക വർഷം ആകെയുള്ള 4963 ഗുണഭോക്താക്കളിൽ 4701 പേർ ഇതിനകം കരാറിൽ ഏർപ്പെട്ടിട്ടു. 95 ശതമാനം ആണിത്. ഇതിൽ 810 വീടുകൾ പൂർത്തീകരിച്ചു. 3891 വീടുകളുടെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു.
അതിദാരിദ്ര്യ വിഭാഗത്തിൽ നിന്നും ലൈഫ് പട്ടികയിൽ ഉൾപ്പെട്ടവരിൽ 524 പേർക്ക് വീടും 65 പേർക്ക് വീടും സ്ഥലവും ആവശ്യമുണ്ട്. 320 പേരാണ് കരാർ വെച്ചത്. ഇതിൽ 73 പേർ നിർമ്മാണം പൂർത്തീകരിച്ചു. അതിദാരിദ്ര്യ വിഭാഗത്തിൽ ലൈഫ് ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടവരിൽ 58 പേർ വീട് വേണ്ടവരും 207 പേർ വീടും സ്ഥലവും ആവശ്യമുള്ളവരുമാണ്.

ഭൂരഹിതരും ഭവനരഹിതരുമായ നിരാലംബർക്കായി ലൈഫ് മിഷൻ മൂന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയുള്ള ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിലാണ് നിർമ്മിച്ചത്. കടമ്പൂർ ഗ്രാമപഞ്ചായത്ത് വിട്ടു നൽകിയ 40 സെന്റ് സ്ഥലത്താണ് പ്രീ ഫാബ് ടെക്നോളജിയിലുള്ള ഭവന സമുച്ചയം നിർമ്മിച്ചത്. നാല് നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകളാണിവിടെയുള്ളത്.
ഇതിന് പുറമെ ആന്തൂർ, പയ്യന്നൂർ, ചിറക്കൽ, കണ്ണപുരം എന്നിവിടങ്ങളിൽ അനുവദിച്ച ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കുന്നതിനുള്ള മനസ്സോടിത്തിരി മണ്ണ് കാമ്പയിൻ വഴി 69 സെന്റാണ് ജില്ലയിൽ ഇതുവരെ ലഭിച്ചത്. പെരിങ്ങോം വയക്കരയിൽ നിന്നും  30 സെന്റും എരുവേശിയിൽ നിന്നും 39 സെന്റുമാണ് ലഭിച്ചത്.