ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തികളും ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. മണ്ഡലകാല ആരംഭത്തിനു മുമ്പേ മേല്‍പ്പാലം തുറന്ന് നല്‍കും. എന്‍ കെ അക്ബര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റെയില്‍വേ മേല്‍പ്പാല അവലോകന യോഗത്തിലാണ് തീരുമാനം.
മേല്‍പ്പാലത്തിനു താഴെയുള്ള സ്ഥലത്ത് ഓപ്പണ്‍ ജിം, പ്രഭാത സവാരിക്കുള്ള സംവിധാനം, ഇരിപ്പിടം എന്നിവ എംഎല്‍എ ഫണ്ട് വിനിയോഗിച്ച് തയ്യാറാക്കുമെന്ന് എംഎല്‍എ യോഗത്തെ അറിയിച്ചു. ഇതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ മുനിസിപ്പല്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി. മേല്‍പ്പാലത്തിനു താഴെയുള്ള മറ്റു ഭാഗങ്ങള്‍ ടൈല്‍ വിരിച്ച് സൗന്ദര്യവത്കരണ പ്രവൃത്തികളും നടത്തി മനോഹരമാക്കും. പാലത്തിനടിവശത്ത് വെളിച്ചം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
അപ്രോച്ച് റോഡിന്റെ ഡി ബി എം പ്രവൃത്തികള്‍ ഒക്ടോബര്‍ 11 നകം പൂര്‍ത്തീകരിക്കും. ബി സി പ്രവൃത്തികള്‍, സോളാര്‍ വൈദ്യുതീകരണം, പെയിന്റിങ്ങ്, മറ്റ് അനുബന്ധ പ്രവൃത്തികള്‍ ഒക്ടോബര്‍ 30 നകം പൂര്‍ത്തീകരിക്കും. അടുത്ത അവലോകനയോഗം 18 ന് ചേരാനും തീരുമാനിച്ചു.
ഗുരുവായൂര്‍ നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഗുരുവായൂര്‍ എസിപി കെ ജി സുരേഷ്, നഗരസഭ സെക്രട്ടറി എച്ച് അഭിലാഷ്, എഞ്ചിനീയര്‍ ഇ ലീല, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആര്‍ ബി ഡി സി ഉദ്യോഗസ്ഥര്‍, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.