പുതിയ ഭരണ സംസ്കാരം ഉണ്ടാക്കലാണ് മേഖല അവലോകന യോഗങ്ങളിലൂടെ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോഴിക്കോട് മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  ഇതൊരു തുടക്കമാണെന്നും എന്നാൽ അവസാനത്തേതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളക്കുശേഷം ഈ സംവിധാനം തുടരും.

നമ്മുടെ ഇടപെടലുകൾ, നാം നടത്തുന്ന പ്രവർത്തനങ്ങൾ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ ഇതൊക്കെ ധാരാളം ജനങ്ങളെയാണ് ബാധിക്കുന്നത്. ജനങ്ങൾ വളരെ പ്രതീക്ഷയോടെയാണ് ഭരണനടപടികൾ നോക്കിക്കാണുന്നത്. അതിന് വേഗത കൂട്ടുക, കൂടുതൽ സുതാര്യത ഉറപ്പുവരുത്തുക, വേഗം ആളുകൾ ആഗ്രഹിക്കുന്ന രീതിയിൽ തീരുമാനങ്ങളിലേക്ക് എത്താൻ പറ്റുക എന്നിവയാണ് ലക്ഷ്യം. അത്തരം തീരുമാനങ്ങളിലേക്ക് എത്തുന്നതിന് വെറും മെറിറ്റ് മാത്രമാണ് അടിസ്ഥാനം. മറ്റേതെങ്കിലും തരത്തിലുള്ള പ്രലോഭനങ്ങളോ സമ്മർദ്ദങ്ങളോ, സ്വാധീനങ്ങളോ ഒന്നും ഇടയാക്കാതിരിക്കുക. ഇതൊക്കെയാണ് ഭരണനിർവഹണം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ പൊതുവേ നല്ല മാറ്റം കൈവന്നിട്ടുണ്ട്. ഇത് ഒരു നല്ല തുടക്കമാണ്. ഇത് നമുക്ക് തുടർന്നു കൊണ്ടു പോകാൻ കഴിയണം. ജനങ്ങളുടെ സംതൃപ്തിയാണ് നാം ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി മറ്റൊന്നും നാം കാംക്ഷിക്കരുത്. മറ്റേതെങ്കിലും തരത്തിലുള്ള ചിന്ത നമ്മെ ഭരിക്കരുത്. എല്ലാം സുതാര്യമായിരിക്കണം. അഴിമതി തീണ്ടാതിരിക്കണം. അത് എല്ലാ തലങ്ങളിലും ഉറപ്പുവരുത്താൻ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്.

നേരത്തെ താലൂക്ക് അടിസ്ഥാനത്തിൽ മന്ത്രിമാർ  നടത്തിയ അദാലത്തുകളിൽ  ജനങ്ങളുടെ പ്രശ്നങ്ങൾ തീർപ്പാക്കിയിരുന്നു. നല്ല രീതിയിൽ ആ പ്രശ്നങ്ങൾ കുറെ ഭാഗം പരിഹരിച്ചു പോയി. എന്നാൽ ചില കാര്യങ്ങൾ ബാക്കി നിൽക്കുന്നുണ്ടായിരുന്നു. അവയിൽ ജില്ലാ തലത്തിൽ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി ചേർന്ന് തീരുമാനമെടുത്തു. ആ ഒരു ഘട്ടം നല്ല നിലക്ക് പൂർത്തിയാക്കാൻ കഴിഞ്ഞു. തുടർന്നാണ് ഇതുപോലുള്ള അവലോകനം വേണമെന്ന് കണ്ടത്. അവലോകനത്തിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞു. ഇത്തരം കാര്യങ്ങളിൽ പൊതുവേ നല്ല വേഗത ആർജ്ജിക്കാൻ കഴിഞ്ഞു.
നമ്മൾ നിശ്ചയിക്കുന്ന കാര്യങ്ങൾ, തയ്യാറാക്കുന്ന പദ്ധതികൾ  സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എല്ലാ തലങ്ങളിലും നടത്തുകയാണ് പ്രധാനം.

അതിദാരിദ്ര്യനിർമ്മാർജ്ജനത്തിന്റെ പട്ടികയിൽ അനർഹരായ 400 ൽ അധികം  പേരെ കാസർകോട് കണ്ടെത്തി എന്നുള്ളത്  വളരെ ഗൗരവതരമായ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ തുടർന്നുള്ള പരിശോധനയും നിലപാടുകളും വേണ്ടിവരും. കാരണം നമ്മൾ നല്ല പരിശോധന സംവിധാനത്തിലൂടെയാണ് ആദ്യപട്ടിക അംഗീകരിച്ചത്. അതിൽ പിന്നീട് ജില്ലയിൽ തന്നെ നടത്തിയ പരിശോധനയിൽ  അനർഹർ ഉണ്ട് എന്ന് കണ്ടിട്ടുണ്ടെങ്കിൽ അത് ഗൗരവമായി കാണണം.

മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനഭൂമി ഏറ്റെടുക്കുന്ന പ്രശ്നം പരിഹരിച്ചു പോകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.