സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം ലഭ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കേരളത്തിലെ ശേഷിക്കുന്ന കുടുംബങ്ങളിൽ സമ്പൂർണ്ണമായി ഗ്രാമീണ കുടിവെള്ളം ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന 14 .5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെയും 64 .4 കിലോമീറ്റർ ദൈർഘ്യമുള്ള ജലവിതരണ ശൃംഖലയുടെയും നിർമ്മാണ പ്രവൃത്തികളുടെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാർ ഭരണത്തിൽ വരുമ്പോൾ 17 ലക്ഷം കുടുംബങ്ങളിൽ ഗ്രാമീണ കുടിവെള്ളം കൊടുക്കാൻ കഴിഞ്ഞു. ഇത് ഒന്നര വർഷത്തിനുള്ളിൽ 38 ലക്ഷമാക്കി ഉയർത്താൻ സാധിച്ചു. വരുന്ന രണ്ട് വർഷത്തിൽ ശേഷിക്കുന്ന കുടുംബങ്ങളിലും സമ്പൂർണ്ണമായി കുടിവെള്ളം കൊടുക്കാൻ ടെൻഡർ ചെയ്ത് കഴിഞ്ഞു. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക എന്നത് ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പയ്യോളി ടെക്നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ഡബ്ല്യൂ.എ സൂപ്രണ്ടിംഗ് എഞ്ചിനീയർ വി.കെ ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭാ വെെസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം ഹരിദാസൻ, മഹിജാ എളോടി, സുജല ചെത്തിൽ, കെ.ടി വിനോദൻ, നഗരസഭാംഗങ്ങൾ, കേരളാ വാർട്ടർ അതോറിറ്റി ബോർഡ് മെമ്പർ അഡ്വ. ജോസ് ജോസഫ്, മുൻ എം.എൽ.എ കെ ദാസൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ വി.കെ അബ്ദു റഹിമാൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ.സി ബാബുരാജ് നന്ദിയും പറഞ്ഞു.