യാഥാർത്ഥ്യമായത് ഏറെക്കാലമായുള്ള ആവശ്യം

കോഴിക്കോട് കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മലിനജല ശുചീകരണ പ്ലാന്റ് യാഥാർത്ഥ്യമായതോടെ പരിഹാരമാകുന്നത് കോഴിക്കോട് മെഡിക്കൽ കോളജിലെയും പരിസര പ്രദേശങ്ങളിലേയും മലിനജല പ്രശ്നത്തിന് .

ഇനി മുതൽ മെഡിക്കൽ കോളജ്, അനുബന്ധ സ്ഥാപനങ്ങൾ, കോളേജുകൾ, കാന്റീൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നും ഒഴുക്കിക്കളയുന്ന മലിനജലം പ്ലാന്റിൽ നിന്നും ശുചീകരിക്കും. മെഡിക്കൽ കോളേജിന് സമീപത്തെ വീടുകളിൽ നിന്നുൾപ്പടെ ഒഴുക്കിക്കളയുന്ന മലിനജലം ടാങ്കർ ലോറിയിലാക്കി ശേഖരിച്ചും സംസ്ക്കരിക്കും.

പ്രതിദിനം 20 ലക്ഷം ലിറ്റർ ദ്രവ മാലിന്യമാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശേഖരിച്ച് സംസ്ക്കരിക്കുക. കലക്ഷൻ ടാങ്കിലേക്ക് എത്തിക്കാനായി 1400 മീറ്ററോളം നീളത്തിലായി പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

സംസ്ക്കരിച്ച ശേഷമുള്ള ശുചീകരിച്ച ജലം കനോലി കനാലിലേക്ക് ഒഴുകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഭാവിയിൽ ശുചീകരിച്ച വെള്ളം ആശുപത്രിയിലെ ശുചിമുറിയിലെ ഫ്ലെഷിങ്ങിനും മറ്റും ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

കോർപ്പറേഷൻ അമൃത് 10 പദ്ധതിയിൽ ഉൾപ്പെടുത്തി 14.12 കോടി രൂപക്ക് 3.1 ദശലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് മലിനജല ശുചീകരണ പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 2.1 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന്റെ ഉദ്ഘാടനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചത്. സമീപത്തായി നിർമ്മാണം പുരോഗമിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുളള പ്ലാന്റും വൈകാതെ ഉദ്ഘാടനം ചെയ്യും.

ഗ്രീൻ ഇക്കോ വാട്ടർ സിസ്റ്റംസ്, എൽ.സി.ജി .സി എൻവയോൺമെന്റൽ എഞ്ചിനിയറിംഗ് കമ്പനികൾ ചേർന്നാണ് പ്ലാന്റിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ചത്. അഞ്ചു വർഷത്തെ മെയിന്റനൻസ് ഉൾപ്പടെ ചുമതലയും നിർമ്മാണ കമ്പനിക്കാണ്.