കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങളുടെയും ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഭിന്നശേഷി പുനരധിവാസ മേഖലയിൽ മാതൃകാപരമായ ഒട്ടേറെ പദ്ധതികൾക്ക് രൂപംകൊടുത്തു മുന്നോട്ടു പോവുകയാണ് സർക്കാർ. പൊതു ഇടങ്ങൾ,കലക്ടറേറ്റ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ഓഫീസുകൾ എന്നിവയെല്ലാം ഭിന്നശേഷി സൗഹാർദ്ദപരമാക്കുന്നതിനായി നടപ്പിലാക്കിയ
‘തടസ്സരഹിത കേരളം’ പദ്ധതി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതുപോലെ ഭിന്നശേഷിത്വത്തെ മറികടക്കാൻ ഏറ്റവും മികച്ച ശേഷിയുള്ളതും ഏറ്റവും ആധുനിക നിലയിലുള്ളതുമായ സഹായ ഉപകരണങ്ങൾ ഭിന്നശേഷി സഹോദരങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നത് ഉറപ്പാണ്. ആ ദിശയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന ‘ശുഭയാത്ര’, കേൾവി പരിമിതർക്കുള്ള ‘ശ്രവൺ’ ഗുരുതര ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള സ്ഥിരനിക്ഷേപ പദ്ധതിയായ ‘ഹസ്തദാനം’ തുടങ്ങിയ പദ്ധതികളിലെ കോഴിക്കോട് ജില്ലയിലെ ഗുണഭോക്താക്കൾക്കുള്ള സഹായ ഉപകരണങ്ങളുടെയും മറ്റ് പദ്ധതികളുടെയും വിതരണോദ്ഘാടനമാണ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നത്.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എം എൻ പ്രവീൺ, കോഴിക്കോട് സിആർസി ഡയറക്ടർ ഡോ. റോഷൻ ബിജിലി, കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ ഡയറക്ടർ ഗിരീഷ് കീർത്തി, ജില്ലാ സാമൂഹ്യനീതി ഓഫീസർ രംഗരാജ് ബി, സാമൂഹ്യനീതി സംസ്ഥാന ഉപദേശക സമിതി അംഗം സുഹിത പി എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം വി ജയഡാളി സ്വാഗതവും മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.