മന്ത്രി കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

പുത്തൂര്‍ – മാന്ദാമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ത്വരിതഗതിയില്‍ നല്‍കുന്നതിന് ജനങ്ങളുടെ സൗകര്യാര്‍ത്ഥം രേഖകള്‍ പരിശോധിക്കുന്നതിനായി പുത്തൂര്‍ കുരിശ്ശുമൂലയില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് കെട്ടിടത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എല്‍ എ ജനറലിന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ക്യാമ്പ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒല്ലൂര്‍, നടത്തറ, മരത്താക്കര, കൈനൂര്‍, പുത്തൂര്‍ എന്നീ 5 വില്ലേജുകളിലായി 1.6115 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി അവാര്‍ഡ് എന്‍ക്വയറി നടത്തി 580 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറും.

ലാന്റ് അക്വിസിഷന്‍ ഓഫീസറുടെ ഓഫീസ് തൃശ്ശൂര്‍ ചെമ്പുകാവിലായതിനാല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന് ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് റവന്യു വകുപ്പു മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ക്യാമ്പ് ഓഫീസ് തുറന്നത്. ക്യാമ്പ് ഓഫീസ് ഒക്ടോബര്‍ 30 വരെ തുറന്നു പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 16 മുതല്‍ 21 വരെ പുത്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ഭൂമി നഷ്ടപ്പെടുന്നവരുടെ രേഖകള്‍ പരിശോധിക്കും. ഈ സ്ഥലങ്ങളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് തൃശ്ശൂര്‍ ചെമ്പുകാവിലുള്ള എല്‍ എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസിലും രേഖകള്‍ ഹാജരാക്കാം.

ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ കുട്ടനെല്ലൂര്‍ അണ്ടര്‍ പാസ് വരെയുള്ള റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 47 കോടി 30 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് 47.3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏഴു മീറ്റര്‍ മാത്രം വീതിയുള്ള ഈ റോഡ് 15 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്.

ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുമെന്ന് കരുതുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഏറ്റെടുക്കുന്ന ഭൂമിക്കു പുറമെ, വിളകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ട പരിഹാരം, തൊഴില്‍ നഷ്ടം, പുനരധിവാസം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ, എഡിഎം ടി മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ സി ടി യമുനാദേവി, എല്‍എ ജനറല്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ടി ജി ബിന്ദു, തഹസില്‍ദാര്‍ ടി ജയശ്രീ, വാര്‍ഡ് മെമ്പര്‍മാര്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഭൂമി ഏറ്റെടുക്കുന്നതിനായി ഹാജരാക്കേണ്ട രേഖകള്‍

ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി ഭൂമിയെ സംബന്ധിച്ച അസ്സല്‍ ആധാരം, കീഴാധാരങ്ങള്‍/ക്രയസര്‍ട്ടിഫിക്കറ്റ്/പട്ടയം, നികുതിരശീതി (തന്നാണ്ട്), കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, കുടിക്കട സര്‍ട്ടിഫിക്കറ്റ് (30 വര്‍ഷം), നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, കെട്ടിടം ഉണ്ടെങ്കില്‍ കെട്ടിടനികുതി രശീതി (തന്നാണ്ട്), ഉടമ മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണസര്‍ട്ടിഫിക്കറ്റ്/ അനന്തരാവകാശ സര്‍ട്ടിഫക്കറ്റ്, ആധാര്‍ കാര്‍ഡ് (പകര്‍പ്പ് സഹിതം), ബാങ്ക് പാസ്സ് ബുക്ക് (ഐഎസ്‌സി കോഡ് പകര്‍പ്പ് സഹിതം), ആധാരത്തില്‍ പറയുന്ന പേര്, മേല്‍വിലാസം, സര്‍വെ നമ്പര്‍ എന്നീ രേഖകളില്‍ പറയുന്ന വിലാസവും വ്യത്യാസമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം, ഭൂവുടമസ്ഥന് പകരം മറ്റൊരാളാണ് വിചാരണക്ക് വരുന്നതെങ്കില്‍ അത് അധികാരപ്പെടുത്തിയ ഉടമസ്ഥന്റെ കത്ത്, ഒസ്യത്ത്/വില്‍പത്രം ഹാജരാക്കുന്ന രേഖകളില്‍ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക, ആധാരം പണയപ്പെടുത്തിയ കേസുകളില്‍ ബാങ്കിന്റെ വിവരങ്ങളും, കുടിശ്ശിക വിവരങ്ങളും സഹിതമുള്ള കത്ത്, കാണം അവകാശമുള്ള ആധാരങ്ങളില്‍ ജന്‍മിക്കരം തീര്‍ത്ത രശീത്, വെറുമ്പാട്ടം കേസുകളില്‍ അടിയാധാരമായി ക്രയസര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 1964 മുതല്‍ ആധാരങ്ങള്‍, ഭൂമി തരം മാറ്റിയ കേസുകളില്‍ നടപടിക്രമവും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ രേഖകളും ഹാജരാക്കണം.