സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്രപുരസ്‌കാരം പ്രഖ്യാപിച്ചു. അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്‌ലോറിഡ സർവകലാശാലയിലെ ഡിസ്റ്റിംഗിഷ്ഡ് പ്രൊഫസറുമായ പ്രൊഫ. പി.കെ. രാമചന്ദ്രൻ നായരെ അദ്ദേഹത്തിന്റെ ആജീവനാന്ത ശാസ്ത്ര നേട്ടങ്ങളും കാർഷിക വനവൽക്കരണ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുത്തത്. രണ്ടു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഫലകവുമടങ്ങിയതാണ് കേരള ശാസ്ത്ര പുരസ്‌കാരം.
ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ശാസ്ത്ര സാങ്കേതിക രംഗത്തെ മികച്ച സംഭാവനകളെ അടിസ്ഥാനമാക്കി പ്രഗത്ഭരായ ശാസ്ത്രജ്ഞർക്ക് പ്രോത്സാഹനം നൽകുന്നതിനായി ആവിഷ്‌കരിച്ച ഏറ്റവും വലിയ അംഗീകാരമാണ് കേരള ശാസ്ത്ര പുരസ്‌കാരം. കേരളത്തിൽ ജനിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർക്കാണ് ഈ അവാർഡ് നൽകുന്നത്. ശാസ്ത്രജ്ഞരുടെ ആജീവനാന്ത നേട്ടങ്ങളും സംഭാവനകളുമാണ് ഈ അവാർഡിന് പരിഗണിക്കുന്നത്. ദേശീയ-അന്തർദേശീയ തലത്തിൽ പ്രഗത്ഭരായ അംഗങ്ങൾ അടങ്ങുന്ന സമിതി വിലയിരുത്തിയാണ് പ്രസ്തുത പുരസ്‌കാരം നിശ്ചയിച്ചത്.