കെ.എസ്.ആര്.ടി.സിയുടെ സേവനം എല്ലാവരിലേക്കും ലഭ്യമാക്കുക ലക്ഷ്യം; മന്ത്രി ആന്റണി രാജു
കെ.എസ്.ആര്.ടി.സിയുടെ സേവനം ഗ്രാമവണ്ടി പദ്ധതിയിലൂടെ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കുമ്പള ഗ്രാമപഞ്ചായത്തും കെ.എസ്.ആര്.ടി.സിയും സംയുക്തമായി ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനവും കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ഉള്‍നാടുകളിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംയുക്തമായി കൊണ്ടുവന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
മംഗലാപുരത്തെ വിവിധ കോളേജുകളില്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ വിദ്യാര്‍ത്ഥികളുടെ ബസ് കണ്സെഷന് എന്ന ഏറെക്കാലത്തെ സ്വപ്നം സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്കാരമാക്കി. എ.ഐ ക്യാമറ കൊണ്ടുവന്നപ്പോള്‍ പല തരത്തിലുള്ള ആക്ഷേപങ്ങള്‍ പല കോണില്‍ നിന്നും വന്നിരുന്നു.
എ.ഐ ക്യാമറ വന്നതിന് ശേഷം വാഹനാപകടങ്ങളും ട്രാഫിക്ക് നിയമലംഘനങ്ങളും കുറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ രാജ്യത്ത് തന്നെ മാതൃകയായ എഐ ക്യാമറയെകുറിച്ച് പഠിക്കാന്‍ കര്‍ണ്ണാടക, മഹാരാഷട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ വന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനോടനനുബന്ധിച്ച് ഗ്രാമവണ്ടിയുടെ ആദ്യ സര്‍വ്വീസ് സൗജന്യമായിരുന്നു. ഫ്ളാഗ് ഓഫിന് ശേഷമുള്ള കന്നിയാത്രയില്‍ ജനപ്രതിനിധികളോടൊപ്പം മന്ത്രിയും പങ്കെടുത്തു.
എ.കെ.എം.അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ.സൈമ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ എന്നിവര്‍ മുഖ്യാതിഥികളായി.