നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി പരപ്പ ബ്ലോക്കില്‍ നടക്കുന്ന സങ്കല്‍പ്പ് സപ്താഹിന്റെ നാലാം ദിനം കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ കൃഷി മഹോത്സവ് നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ശേഖരിക്കാനും സംഭരിക്കാനും സംസ്‌കരിക്കാനും വിപണിയിലെത്തിക്കുന്നതിനും ദേശീയ സംസ്ഥാന തലത്തില്‍ പ്രത്യേക നയം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, അംഗം ജോസ് കുത്തിയതോട്ടില്‍ എന്നിവര്‍ സംസാരിച്ചു. ബി.ഡി.ഒ ജോസഫ് എം ചാക്കോ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മിനി പി ജോണ്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഇ.കെ.അജിമോള്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ സുരേഷ് പണിക്കര്‍, പടന്നക്കാട് കാര്‍ഷിക കോളേജ് പ്രൊഫസര്‍ കെ.എം.ശ്രീകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

കുളമ്പു രോഗത്തിന്റെ പ്രതിരോധവും ചികിത്സയും എന്ന വിഷയത്തില്‍ വെറ്റിനറി സര്‍ജന്‍ സ്മിത സെബാസ്റ്റ്യന്‍ സെമിനാര്‍ നടത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (പരപ്പ) എസ്.ഉമ സ്വാഗതവും സീനിയര്‍ വെറ്റിനറി സര്‍ജന്‍ പി കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു. പരപ്പ ബ്ലോക്കിന് കീഴിലുള്ള കര്‍ഷകര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷകര്‍ക്കായി മൊബൈല്‍ മണ്ണ് പരിശോധനാ ലബോറട്ടറി സംവിധാനം ഒരുക്കിയിരുന്നു. കര്‍ഷകര്‍ കൊണ്ടുവന്ന കീടബാധയുള്ള വിളകള്‍ പടന്നക്കാട് കാര്‍ഷിക കോളേജിലെ വിദ്യാര്‍ഥികള്‍ പരിശോധിച്ച് രോഗബാധ ഏതെന്ന് കണ്ടെത്തി.

ക്ഷീര കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ആംപ്യുലേറ്ററി ക്ലിനിക്കും ഏര്‍പ്പെടുത്തി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും പുല്‍വിത്തുകളും ആമ്പുലേറ്ററി ക്ലിനിക്കിന്റെ ഭാഗമായുള്ള മരുന്നുകളും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ കര്‍ഷകര്‍ക്ക് കൈമാറി. പി.എം കിസാന്‍ പദ്ധതിയില്‍ ബളാല്‍, കോടോം ബേളൂര്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ ഇ.കെ.വൈ.സി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് അത് പൂര്‍ത്തീകരിക്കാനുള്ള അവസരവും ഒരുക്കി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാന്‍ കഴിയാത്ത ഗുണഭോക്താക്കള്‍ക്ക് പോസ്റ്റല്‍ ബാങ്കില്‍ അക്കൗണ്ട് എടുക്കാനുള്ള അവസരവും കൃഷി മഹോത്സവില്‍ ഒരുക്കി.