തൊടുപുഴ നഗരസഭ പരിധിയിലെ പരസ്യ ബോർഡ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ വ്യാപകപരിശോധന നടത്തി.നഗരസഭ ആരോഗ്യ സ്ക്വാഡും മലിനീകരണ നിയന്ത്രണ ബോർഡും സംയുക്തമായാണ് നഗരപരിധിയിലുള്ള ഫ്ലക്സ് നിർമ്മിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.

നഗരസഭ പരിധിയിലെ ഏഴ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഫ്ലക്സുകൾ നിർമ്മിക്കുന്ന രണ്ട് സ്ഥാപനങ്ങൾ കണ്ടെത്തി. മങ്ങാട്ടുകവല,വടക്കുംമുറി, ആനക്കൂട് തൊടുപുഴ ടൗൺ, വെങ്ങല്ലൂർ- കോലാനി റോഡ് എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

വടക്കുമുറി, ആനക്കൂട് ഉള്ള സ്ഥാപനങ്ങളിൽ നിന്ന് 50 കിലോ നിരോധിത ഫ്ലക്സ് മെറ്റീരിയൽസ് പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും സമാനമായ പരിശോധനകൾ ഉണ്ടാകുമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുൻസിപ്പൽ ചെയർമാനും സെക്രട്ടറിയും അറിയിച്ചു.

സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബിജോ മാത്യു, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ രാജേഷ് വി ഡി, പ്രജീഷ് കുമാർ, സതീശൻ വി പി, പൊലൂഷൻ കൺട്രോൾ ബോർഡ്‌ അസിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൽ എസ് മൊയ്തീൻ, അസിസ്റ്റന്റ് സൈന്റിസ്റ്റ് ഷീന മോൾ എം സ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.