ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് കുന്നംകുളം നഗരസഭ സുഭിക്ഷ കാന്റീനിന്റെ പിറക് വശത്ത് സ്ഥാപിക്കുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ് ടി പി) നിര്‍മ്മാണത്തിനായി 10,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റും 5000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും എത്തി. ഇതിന്റെ ഘടിപ്പിക്കല്‍ അടുത്തദിവസം തന്നെ ആരംഭിക്കും. നിര്‍മ്മാണ ഏജന്‍സിയായ എച്ച്ഇസിഎസ് കമ്പനി ചെന്നൈയില്‍ നിന്നാണ് പ്ലാന്റും ടാങ്കും എത്തിച്ചത്.

ഇത് സ്ഥാപിക്കുന്നതോടെ ഖരമാലിന്യ സംസ്കരണത്തോടൊപ്പം നഗരസഭയിലെ തന്നെ സെപ്റ്റിക് മാലിന്യ സംസ്കരണവും നടത്താനാവും. സുഭിക്ഷ കാന്റീനില്‍ നിന്നുള്ള പാഴ്ജലം, പുനരുപയോഗിച്ച് സമീപത്തെ പുന്തോട്ടം നനയ്ക്കുന്നതിനും അനുബന്ധ ആവശ്യങ്ങള്‍ക്കും പറ്റുന്ന തരത്തിലുള്ളതാണ് പദ്ധതി.

നഗര സഞ്ചയിക പദ്ധതി പ്രകാരം (അര്‍ബന്‍ എഗ്ലോമറേഷന്‍) 30 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ് ടി പി നിര്‍മ്മാണം. ഇ കെ നായനാര്‍ സ്മാരക ബസ് സ്റ്റാന്‍ഡ്, തുറക്കുളം മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ രണ്ടാം ഘട്ടമായി എസ് ടി പി സ്ഥാപിക്കുക.

നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, സെക്രട്ടറി വി എസ് സന്ദീപ്കുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍ ബിനയ് ബോസ്, ഏജന്‍സി കോര്‍ഡിനേറ്റര്‍ ശ്യാം തുടങ്ങിയവര്‍ എസ് ടി പി സ്ഥാപിക്കുന്ന സ്ഥലത്തെത്തിയിരുന്നു.