ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന 65-ാം മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് തയ്യാറായി. ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) എന്നീ ആറു വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കിൽ മാറ്റുകയ്ക്കുക.98 ഇനങ്ങളിലാണ് മത്സരം.ഇതിൽ 88 വ്യക്തിഗത മത്സരങ്ങളും പത്ത് റിലേ മത്സരങ്ങളും ഉൾപ്പെടും.

17 ന് രാവിലെ മുതൽ മത്സരങ്ങൾ ആരംഭിക്കും. ട്രാക്കിലെ കൊടും ചൂടിനെ അകറ്റാൻ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായി മത്സരങ്ങൾ നടക്കും. രാവിലെ ഏഴ് മണി മുതൽ 11 വരെയും വൈകീട്ട് 3.30 മുതൽ രാത്രി എട്ട് മണി വരെയുമാണ് മത്സരങ്ങൾ .

കായിക പ്രതിഭകൾക്ക് കുന്നംകുളം ബഥനി ഇംഗ്ലീഷ് ഹയർ സെക്കൻഡറി വിദ്യാലയത്തിൽ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷം ഇന്റോർ സ്റ്റേഡിയത്തിന്റെ വടക്ക് ഭാഗത്തെ ഗെയ്റ്റിലൂടെ മത്സര സ്ഥലത്തേക്ക് പ്രവേശിക്കാം. ഇതിനായി നാല് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ട്രാക്കിനകത്തേക്ക് ഒഫിഷ്യൽസിനും അത് ലറ്റ്സിനും മാത്രമേ പ്രവേശം അനുവദിക്കൂ.മത്സരങ്ങൾ കാണുന്നതിന് 5000 ത്തോളം പേർക്കിരിക്കാവുന്ന വിശാലമായ ഗ്യാലറിയും ഇവിടെ തയ്യാറാണ്.

സിന്തറ്റിക് ട്രാക്കിന്റെ ഗ്രൗണ്ടിന് മുൻവശത്ത് നൂറിലധികം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. ഇന്റോർ സ്റ്റേഡിയത്തിനു സമീപത്തും വാഹനങ്ങൾ പാർക്ക് ചെയ്യാം. ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികോത്സവം എന്ന പ്രത്യേകതയും ഇത്തവണത്തെ കായികോത്സവത്തിനുണ്ട്. ഒക്ടോബർ 16 മുതൽ 20 വരെയാണ് സംസ്ഥാന സ്കൂൾ കായികോത്സവം.